Quantcast

പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് നേമം പൊലീസ് എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Published:

    23 Feb 2024 7:49 AM GMT

nemom police station
X

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് നേമം പൊലീസ് എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. ശിഹാബുദ്ദീനെ നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെവെച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യും.തുടർന്നാകും അറസ്റ്റ് അടക്കമുള്ള നടപടികൾ വേണോ എന്നതിൽ അന്തിമ തീരുമാനത്തിലേക്കെത്തുക.

മരിച്ച ഷെമീറ ബീവിയെ ആശുപത്രിയിൽ കൊണ്ടുപോയി ആധുനിക ചികിത്സ നൽകാതിരുന്നതിൽ ശിഹാബുദ്ദീന് കൂടി പങ്കുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. ശിഹാബുദ്ദീന്‍റേത് വ്യാജ അക്യുപങ്ചർ ചികിത്സയാണോ എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കേസിലെ പ്രധാന പ്രതിയും ഷെമീറ ബീവിയുടെ ഭർത്താവുമായ നയാസിനെ ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

വീട്ടിൽ നടന്ന പ്രസവത്തിനിടെ ചികിത്സ ലഭിക്കാത്തതിനെത്തുടർന്നാണ് കാരയ്ക്കാമണ്ഡപം വെള്ളായണിയിൽ വാടകക്ക് താമസിക്കുന്ന ഷെമീറ ബീവിയും നവജാത ശിശുവും മരിച്ചത്. ഇന്നലെ ഉച്ചക്കാണ് ഷെമീറയ്ക്ക് പ്രസവ വേദനയുണ്ടായയത്. അമിത രക്തസ്രാവമുണ്ടായ ഷെമീറ ബോധരഹിതയായി. ഉടൻ തന്നെ പ്രദേശവാസികൾ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവും കുഞ്ഞും മരിച്ചിരുന്നു.

വീട്ടിൽ പ്രസവിക്കാൻ നയാസ് നിർബന്ധിച്ചെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഷെമീറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നയാസ് തങ്ങളോട് മോശമായി പെരുമാറിയെന്ന് ആശാവർക്കമാരും പൊലീസിനോട് പറഞ്ഞു. റെസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഷെമീറ പാലക്കാട് സ്വദേശിനിയാണ്, നയാസ് തിരുവനന്തപുരം പൂന്തുറ സ്വദേശിയും. നയാസിന്റെ രണ്ടാം വിവാഹമാണിത്.



TAGS :

Next Story