Quantcast

വട്ടിപ്പലിശക്കാരുടെ വീട് കയറിയുള്ള ഭീഷണി; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ വായ്പാകുരുക്കിൽപ്പെട്ട് ആദിവാസികൾ

മോഹന വാഗ്ദാനങ്ങളുമായി ഊരുകളിൽ കയറിയിറങ്ങുന്ന ഇടനിലക്കാരുടെ പ്രലോഭനങ്ങളിൽ കുരുങ്ങി വായ്പയാണെന്നു പോലും അറിയാതെ തുച്ഛമായ തുക സ്വീകരിച്ച ആദിവാസികളാണ് വഞ്ചിതരായിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    23 Sep 2023 5:17 AM GMT

Adivasi trapped private money lender company
X

വയനാട്: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ വായ്പാ കുരുക്കിൽപ്പെട്ട ആദിവാസികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം. വട്ടിപ്പലിശക്കാരുടെ വീടുകയറിയുള്ള അക്രമവും ഭീഷണിയും മൂലം ജീവിതം തന്നെ വഴിമുട്ടിയെന്ന് ഇവർ പറയുന്നു. ലഭിച്ച തുച്ഛമായ തുകക്ക് വിലയായി സമാധാന ജീവിതം തന്നെ പകരം നൽകേണ്ടി വന്ന നിലയിലാണ് മുൻ വർഷങ്ങളിൽ വായ്പാ തട്ടിപ്പിനിരയായ വിവിധ കോളനികളിലെ ആദിവാസി അമ്മമാർ.

മോഹന വാഗ്ദാനങ്ങളുമായി ഊരുകളിൽ കയറിയിറങ്ങുന്ന ഇടനിലക്കാരുടെ പ്രലോഭനങ്ങളിൽ കുരുങ്ങി വായ്പയാണെന്നു പോലും അറിയാതെ തുച്ഛമായ തുക സ്വീകരിച്ച ആദിവാസികളാണ് വഞ്ചിതരായിരിക്കുന്നത്. 4,000 മുതൽ 6,000 രൂപ വരെ മാത്രം നൽകി ഇടനിലക്കാരാണ് ആദിവാസി അക്കൗണ്ടുകളിലെത്തിയ വായ്പാ തുക തട്ടിയെടുക്കുന്നതെങ്കിലും കമ്പനി രേഖകളിൽ ആദിവാസികൾ മാത്രമാണ് കടബാധിതർ. ഇടനിലക്കാർ മുങ്ങുകയോ വായ്പാ തിരിച്ചടവ് മുടങ്ങുകയോ ചെയ്യുന്നതോടെ കോളനികളിൽ സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.

ആദിവാസികളുടെ അറിവില്ലായ്മയും ദാരിദ്യവും മുതലെടുത്താണ് ഇടനിലക്കാരും പലിശയിടപാടുകാരും തടിച്ചുകൊഴുക്കുന്നത്. തട്ടിപ്പു സംഘങ്ങളുടെ സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കാകും വയനാട്ടിലെ ആദിവാസി കോളനികൾ സാക്ഷിയാവുക.

TAGS :

Next Story