'സിനിമയെടുക്കുന്നവര്‍ക്ക് അക്ഷരജ്ഞാനം വേണം; സിനിമയുമായി ബന്ധമില്ലാത്ത ആളാണ് പുഷ്പവതി, അതുകൊണ്ടാണ് പ്രതിഷേധിച്ചത്':അടൂര്‍ ഗോപാലകൃഷ്ണന്‍
സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശമാവര്‍ത്തിച്ച് അടൂര്‍

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശമാവര്‍ത്തിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയെടുക്കുന്നവര്‍ക്ക് അക്ഷരജ്ഞാനം വേണം. സിനിമയുമായി ബന്ധമില്ലാത്ത ആളാണ് പുഷ്പവതി. അതുകൊണ്ടാണ് പ്രതിഷേധിച്ചതെന്നും അടൂര്‍ പറഞ്ഞു. ഫണ്ടിങ് ഉപയോഗിച്ച് സിനിമ എടുക്കുന്ന മുന്‍പരിചയമില്ലാത്തവര്‍ക്ക് ട്രെയിനിങ് കൊടുക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു.
'സംസാരിച്ചത് ആര്‍ക്കും എതിരായല്ല. സ്ത്രീകള്‍ക്കും പട്ടിക ജാതിക്കാര്‍ക്കും വേണ്ടിയാണ് സംസാരിച്ചത്. അവരില്‍ നിന്ന് സിനിമാക്കാര്‍ ഉണ്ടാകണം. ഞാന്‍ പറഞ്ഞത് വളരെ തെറ്റായാണ് വ്യാഖ്യാനിച്ചത്. ഇതിനെ പറ്റി അറിവില്ലാത്തത് കൊണ്ടാണ്. ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് എന്തോക്കൊയോ പറഞ്ഞു. അവര്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീയാണ്. ആരാണെന്ന് എനിക്ക് അറിയില്ല. ഈ രംഗത്തൊന്നും ഇല്ലാത്ത ആളാണ്. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്നെ തടസപ്പെടുത്തി സംസാരിക്കുകയാണ്. അവിടെ ഇരുന്ന ആളുകള്‍ അവളെ ഇരുത്തി. ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല,' അടൂര്‍ പറഞ്ഞു.
'ഞാന്‍ വരത്തനൊന്നുമല്ലെന്നും 60 വര്‍ഷമായി സിനിമയില്‍ ജോലി ചെയ്യുന്ന ആളാണെന്നും അടൂര്‍ പറഞ്ഞു. തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കാന്‍ പുഷ്പവതി ആരാണ്. പബ്ലിസിറ്റിയാണ് ഉദ്ദേശം. ഫിലിം കോണ്‍ക്ലേവില്‍ വരാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല.
വഴിയെ പോകുന്ന എല്ലാ സ്ത്രീകള്‍ക്കും അഭിപ്രായം പറയാനുള്ള സ്ഥലമാണോ കോണ്‍ക്ലേവ്. സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ അവരുടെ പ്രശ്‌നങ്ങള്‍ സംസാരിക്കുന്ന ഇടമാണ്. മറിച്ച് ചന്തയല്ല,'' അടൂര്‍ പറഞ്ഞു.
സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. സ്ത്രീയാണെന്നത് കൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സിനിമ നിര്‍മാണത്തിന് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ധനസഹായത്തിനെതിരെയാണ് പരാമര്‍ശം.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിനിമയെടുക്കാന്‍ നല്‍കുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് വഴിയുണ്ടാക്കും. പണം നല്‍കുന്നതിന് മുമ്പ് മൂന്നുമാസത്തെ പരിശീലനം നല്‍കണമെന്നും അടൂര്‍. സൂപ്പര്‍സ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സര്‍ക്കാര്‍ പണം നല്‍കേണ്ടതെന്നും അടൂര്‍ പറഞ്ഞു.
Adjust Story Font
16

