Quantcast

അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തേക്കും

ഫെന്നി നൈനാനെയും പ്രതിചേര്‍ക്കുമെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2026-11-02 08:13:01

Published:

2 Nov 2026 10:19 AM IST

അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തേക്കും
X

പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി പൊലീസ്. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തേക്കും. ഫെന്നി നൈനാനെയും പ്രതിചേര്‍ക്കുമെന്നാണ് വിവരം.

യുട്യൂബര്‍ രാജന്‍ ജോസഫിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതും ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനകത്ത് കയറി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അടൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടും അന്വേഷണമുണ്ടാകാത്തത് പരിശോധിക്കും. അടൂര്‍ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം അതീവ ഗൗരവമുള്ള വിഷയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.

സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജനപ്രതിനിധികള്‍ സ്റ്റേഷനില്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ അടൂരില്‍ അതിനപ്പുറം എന്തെങ്കിലും അതിക്രമം നടന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും ഗൗരവമായി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

അടൂര്‍ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമായി പരിശോധിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനും വ്യക്തമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയതിനനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അക്രമത്തില്‍ പൊലീസുകാരന് പരിക്കേറ്റിട്ടും ശക്തമായ നടപടി സ്വീകരിക്കാതിരുന്നതില്‍ സേനയ്ക്കുള്ളിലും കടുത്ത അതൃപ്തിയുണ്ട്. പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടും എന്തുകൊണ്ട് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്തുവെന്ന് കേരള പൊലീസ് അസോസിയേഷനില്‍ വിമര്‍ശനമുയര്‍ന്നു.

അക്രമത്തില്‍ ഒരു പൊലീസുകാരന്റെ മൂക്കിന്റെ പാലം തകര്‍ന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങള്‍ കേസ് പൂഴ്ത്തി വച്ചുവെന്നും വിമര്‍ശിച്ചു.

TAGS :

Next Story