മിശ്രവിവാഹം ഭീകര കുറ്റമാണെങ്കിൽ സ്വന്തം മരുമകളെ ഘർവാപ്പസി നടത്താൻ പി.സി ജോർജ് തയ്യാറാകണം: അഡ്വ. ഫൈസൽ ബാബു
അധികാരക്കൊതി മൂത്ത് ശവംതീനിയാവുന്നത് മനുഷ്യന്റെ ഏറ്റവും മ്ലേച്ഛമായ നിലവാരമാണ്. അതിന് സമൂഹം വില കൊടുക്കേണ്ടിവരുന്നതിനെ നവോഥാന കേരളം എതിർത്തു തോൽപ്പിക്കണമെന്നും ഫൈസൽ ബാബു പറഞ്ഞു.

കോഴിക്കോട്: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ യൂത്ത് ലീഗ്. മിശ്രവിവാഹം കൊടുംഭീകര കുറ്റമാണെങ്കിൽ അതേ തെറ്റിന് പി.സി സ്വന്തം മകനെ ശാസിച്ച് മരുമകളെ ഘർവാപ്പസി നടത്താൻ തയ്യാറാകണമെന്ന് ഫൈസൽ ബാബു പറഞ്ഞു. അധികാരക്കൊതി മൂത്ത് ശവംതീനിയാവുന്നത് മനുഷ്യന്റെ ഏറ്റവും മ്ലേച്ഛമായ നിലവാരമാണ്. അതിന് സമൂഹം വില കൊടുക്കേണ്ടിവരുന്നതിനെ നവോഥാന കേരളം എതിർത്തു തോൽപ്പിക്കണമെന്നും ഫൈസൽ ബാബു പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മീനച്ചിൽ താലൂക്കിൽ ലൗ-ജിഹാദ്; ആഴത്തിൽ സാമൂഹ്യ വിഭജനമുണ്ടാക്കുന്ന പിസി ജോർജിന്റെ വെറുപ്പ് വർത്തമാനം കേരള പോലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള പ്രത്യക്ഷ വകുപ്പുള്ളതാണ്. ഈരാറ്റുപേട്ട ഉൾപ്പെടെ പൂഞ്ഞാറും തീക്കോയിയും മേലുകാവുമൊക്കെ തൊട്ടു തൊട്ടു കിടക്കുന്ന മനുഷ്യ പാരസ്പര്യത്തിന്റെ സുന്ദരമായ പ്രദേശങ്ങളാണ്. അവിടെ വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്തുന്നത് എന്തായാലും കൃസ്ത്യൻ - മുസ്സിം സമുദായങ്ങൾക്ക് ഗുണം ചെയ്യില്ല.
പിസി മുന്നിൽ നിന്ന് നടത്തുന്ന ഈ വിദ്വേഷ-കച്ചവടത്തിന്റെ ആത്യന്തിക ലാഭം വെറുപ്പിന്റെ വ്യാപാരികളായ ചില രാഷ്ട്രീയക്കാർക്ക് മാത്രമാണ്. 'ലഹരിക്കെതിരെ' ഉയർന്നു വരുന്ന ജനകീയ ജാഗ്രതാ സമിതികളുടെ അജണ്ടയുടെ ഒരനുബന്ധ ഇനമായി 'വെറുപ്പിനെതിരെ' എന്നതും ഉൾപ്പെടട്ടെ.
മിശ്രവിവാഹം ഒരു കൊടുംഭീകര കുറ്റമാണെങ്കിൽ, അതേ തെറ്റിന്, അപ്പനായ പിസി സ്വന്തം മകനെ ശാസിച്ച്, മരുമകളെ ഘർവാപ്പസി നടത്താൻ ഒരുക്കമാണോ. അധികാരക്കൊതി മൂത്ത് ശവം തീനിയാകുന്ന മാനസികാവസ്ഥ, മനുഷ്യരുടെ ഏറ്റവും മ്ളേഛമായ നിലവാരമാണ്. അതിന് സമൂഹം വിലകൊടുക്കേണ്ടി വരുന്നതിനെ നവോത്ഥാന കേരളം എതിർത്ത് തോൽപ്പിക്കണം.
Adjust Story Font
16

