അഡ്വക്കറ്റ് കൃഷ്ണരാജിനെ നിര്‍ദേശിച്ചത് സിപിഎം ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ്; വിശദീകരണവുമായി വഴിക്കടവ് പഞ്ചായത്ത്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍ മീഡിയവണ്ണിനോട്

മലപ്പുറം: സംഘപരിവാര്‍ അനുകൂലി അഡ്വക്കറ്റ് കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സില്‍ ആയി നിയമിച്ചതില്‍ വിശദീകരണവുമായി വഴിക്കടവ് ഗ്രാമപഞ്ചായത്ത്. കൃഷ്ണരാജിനെ നിര്‍ദേശിച്ചത് സിപിഎം ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവായ നിലമ്പൂര്‍ ബിഡിഒയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെ വിവാദത്തില്‍പ്പെടുത്താന്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍ മീഡിയവണ്ണിനോട് പറഞ്ഞു.
അഡ്വ. കൃഷ്ണരാജിനെ നിയമിച്ചതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ബിഡിഒയുടെ ഗൂഢതാല്‍പര്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു. അതേസമയം നടപടി പിന്‍വലിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയതായി യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലിയും വ്യക്തമാക്കിയിരുന്നു.
മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് കൃഷ്ണരാജിനെ പഞ്ചായത്ത് ഭരണസമിതി സ്റ്റാന്‍ഡിംഗ് കോണ്‍സിലാക്കിയിരിക്കുന്നത്. നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാന്‍ഡിംഗ് കോണ്‍സലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്.
അഡ്വ. കൃഷ്ണരാജ് സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നല്‍കിയ ഹരജിയ്‌ക്കെതിരെ നല്‍കിയ തടസ ഹരജിയില്‍ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.
Adjust Story Font
16

