Quantcast

'കള്ളസാക്ഷ്യം പറയാത്തതിന് 17 വർഷം തടവ്; ജൂലായിൽ പുറത്തിറങ്ങാമെന്ന മോഹം ബാക്കിയാക്കി മടക്കം'; അബ്ദുൽ ഖാദറിനെക്കുറിച്ച് അഭിഭാഷകന്റെ കുറിപ്പ്

ബെംഗളൂരു സ്ഫോടനക്കേസിൽ 17 വർഷമായി വിചാരണത്തടവുകാരനായിരിക്കെ കഴിഞ്ഞ ദിവസമാണ് അബ്ദുൽ ഖാദർ ജയിലിൽ വെച്ച് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2026-06-14 16:22:34

Published:

14 Jun 2026 6:33 PM IST

കള്ളസാക്ഷ്യം പറയാത്തതിന് 17 വർഷം തടവ്; ജൂലായിൽ പുറത്തിറങ്ങാമെന്ന മോഹം ബാക്കിയാക്കി മടക്കം; അബ്ദുൽ ഖാദറിനെക്കുറിച്ച് അഭിഭാഷകന്റെ കുറിപ്പ്
X

കോഴിക്കോട്: ബെംഗളൂരു സ്ഫോടനക്കേസിൽ 17 വർഷമായി വിചാരണത്തടവുകാരനായിരിക്കെ ജയിലിൽ വെച്ച് മരണപ്പെട്ട അബ്ദുൽ ഖാദറിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡ്വ. റഹ്മാൻ ഇരിക്കൂർ. കള്ളസാക്ഷ്യം പറയാൻ തയ്യാറാകാത്തതിനാലാണ് അദ്ദേഹത്തെ കേസിൽ പ്രതിയാക്കിയതെന്നും, സുപ്രിംകോടതി ഉത്തരവിനെത്തുടർന്ന് വരുന്ന ജൂലായിൽ ജയിലിൽ നിന്ന് മോചിതനാകാമെന്ന വലിയ പ്രതീക്ഷയിലായിരുന്നു അദ്ദേഹമെന്നും അഭിഭാഷകൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കഥകൾക്ക് സാക്ഷിമൊഴി നൽകാൻ വിസമ്മതിച്ചതിന്റെ പേരിലാണ് അബ്ദുൽ ഖാദറിന് ജീവിതത്തിലെ സുന്ദരമായ 17 വർഷങ്ങൾ ജയിലിൽ നഷ്ടപ്പെട്ടതെന്ന് പോസ്റ്റിൽ പറയുന്നു. കള്ളസാക്ഷ്യം പറയാൻ കഴിയില്ലെന്നും മനസ്സാക്ഷിയെ വഞ്ചിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ഉറച്ച നിലപാടെടുത്തു. ഇതിന് പകരമായാണ് അദ്ദേഹത്തിന്റെ പേര് സാക്ഷിപ്പട്ടികയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിലേക്ക് മാറ്റിയെഴുതിയതെന്ന് അഭിഭാഷകൻ കുറിപ്പിലൂടെ വെളിപ്പെടുത്തുന്നു.

'ജൂലായിൽ നമ്മൾ പുറത്തിറങ്ങിയാൽ വീട്ടിലേക്ക് വരണം വക്കീലേ...'

നാല് മാസത്തിനകം കേസിലെ വിചാരണ പൂർത്തിയാക്കുകയോ അല്ലെങ്കിൽ ജാമ്യം നൽകുകയോ ചെയ്യണമെന്ന സുപ്രിംകോടതി വിധി വന്നതിന് ശേഷം, വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാർച്ചിൽ ജയിലിൽ അഭിമുഖത്തിനായി പോയപ്പോൾ 'വക്കീലേ.... ജൂലായിൽ നമ്മളൊക്കെ പുറത്തിറങ്ങിയാൽ വീട്ടിലേക്ക് വരണം ട്ടോ....' എന്ന് അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞിരുന്നതായി അഡ്വ. റഹ്മാൻ ഓർത്തെടുക്കുന്നു. മരിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ കുടുംബത്തോടും അദ്ദേഹം ഇതേ പ്രത്യാശ പങ്കുവെച്ചിരുന്നു.

പതിനേഴ് വർഷത്തെ ജയിൽ വാസത്തിനിടയിൽ ആകെ രണ്ടുതവണ മാത്രമാണ് അദ്ദേഹം പുറംലോകം കണ്ടത്; മകളുടെ വിവാഹത്തിനും ഉമ്മയുടെ മരണത്തിനും. ആരോഗ്യസ്ഥിതി വല്ലാതെ മോശമായ സമയത്ത് പോലും ഒരു താൽക്കാലിക ജാമ്യം അനുവദിക്കാനോ വിദഗ്ധ ചികിത്സ നൽകാനോ അധികൃതർ തയ്യാറായില്ലെന്നും കുറിപ്പിൽ വിമർശിക്കുന്നുണ്ട്. തന്നെ തീവ്രവാദിയെന്ന് വിളിച്ച ലോകത്തിന് മുന്നിൽ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും, ജൂലായ് മുതൽ കുടുംബത്തോടൊപ്പം ശിഷ്ടകാലം ജീവിക്കാമെന്നുമുള്ള ആ വലിയ സ്വപ്നം ബാക്കിയാക്കിയാണ് അബ്ദുൽ ഖാദർ വിടവാങ്ങിയത് എന്ന വേദന പങ്കുവെച്ചുകൊണ്ടാണ് അഭിഭാഷകൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

2008 ജൂലൈ 25ന് ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിലായി നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ ഖാദർ ജയിലിൽ കഴിഞ്ഞത്. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുള്ള ഈ കേസിൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി വിചാരണ നടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. വർഷങ്ങളായി ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരുടെ ദുരിതം കണക്കിലെടുത്ത്, കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും സുപ്രിംകോടതി അടുത്തിടെ കർശന നിർദേശം നൽകിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് അബ്ദുൽ ഖാദർ ഉൾപ്പെടെയുള്ള വിചാരണത്തടവുകാർ മോചനപ്രതീക്ഷയിലായിരുന്നത്.

അഭിഭാഷന്റെ കുറിപ്പ്:
'വക്കീലേ.... ജൂലായിൽ നമ്മളൊക്കെ പുറത്തിറങ്ങിയാൽ വീട്ടിലേക്ക് വരണം ട്ടോ...."

ബാംഗ്ലൂർ സ്ഫോടനകേസിലെ അന്തിമവാദം പൂർത്തിയായതിനുശേഷം കഴിഞ്ഞ മാർച്ചിൽ ജയിലിൽ അഡ്വക്കേറ്റ് ഇൻറർവ്യൂവിന് പോയപ്പോൾ അബ്ദുൽ ഖാദർ സാഹിബ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞദിവസംപോലും കുടുംബത്തോടും ഇതേ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. നാലുമാസത്തിനകം വിചാരണ പൂർത്തീകരിക്കണമെന്നും അല്ലെങ്കിൽ ജാമ്യം നൽകണമെന്നും പറഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു ശേഷം വൈകിയെങ്കിലും ലഭിക്കാൻ പോകുന്ന നീതി കൊതിച്ച് ജീവിക്കുകയായിരുന്നു അദ്ദേഹവും സഹ വിചാരണതടവുകാരും.

നീണ്ട 17 വർഷങ്ങൾ ..... ഭരണകൂടം കെട്ടിച്ചമച്ച ഏതൊക്കെയോ കഥകൾ സാക്ഷി മൊഴിയായി പറയാൻ പോലീസ് ഉദ്യോഗസ്ഥർ നിരന്തരം നിർബന്ധിച്ച ദിനങ്ങൾ അബ്ദുൽ ഖാദർ സാഹിബ് ഓർത്തെടുക്കുന്നുണ്ട് ..... ഇതൊക്കെയും കെട്ടിച്ചമച്ച കഥകൾ ആയതുകൊണ്ട് മനസ്സാക്ഷിയെ വഞ്ചിക്കാൻ എനിക്ക് സാധ്യമല്ല എന്ന നിലപാടെടുത്തതിന് അദ്ദേഹത്തിന് പകരം നൽകേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ 17 വർഷങ്ങളും ഒടുവിൽ ജയിലിൽ വച്ച് തന്നെയുള്ള വിടവാങ്ങലുമാണ്. കള്ള സാക്ഷ്യം ഞാൻ പറയില്ല എന്ന നിലപാടാണ് സാക്ഷ്യപട്ടികയിൽ നിന്ന് പ്രതിപട്ടികയിലേക്ക് അദ്ദേഹത്തിൻറെ പേര് മാറ്റി എഴുതപ്പെടുന്നത്.

കഴിഞ്ഞ 17 വർഷത്തിനിടയിൽ ആകെ രണ്ടുതവണയാണ് അദ്ദേഹം പുറം ലോകം കണ്ടത്. ഒരിക്കൽ മകളുടെ കല്യാണത്തിനും മറ്റൊരിക്കൽ ഉമ്മയുടെ മരണദിവസവും. ആരോഗ്യ അവസ്ഥ വല്ലാതെ മോശമായപ്പോൾ പോലും ആരോഗ്യ കാരണങ്ങൾ മുൻനിർത്തി താൽക്കാലിക ജാമ്യം അനുവദിക്കാൻ നമ്മുടെ കോടതികൾക്ക് ദയവുണ്ടായില്ല. വിദഗ്ധ ചികിത്സ നൽകാൻ പോലും സന്നദ്ധമാകാതെ ആ പാവം മനുഷ്യനോട് ജയിൽ അധികൃതർ ഭരണകൂട ഭീകരതയ്ക്ക് തങ്ങളുടെ പങ്ക് നിറവേറ്റി.

അദ്ദേഹത്തിൻറെ മയ്യത്ത് സൂക്ഷിച്ച ബാംഗ്ലൂർ വിക്ടോറിയ ഹോസ്പിറ്റലിൻ്റെ മോർച്ചറിയുടെ മുന്നിൽ നിന്ന് ഞാൻ ആലോചിക്കുന്നത് അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാകുമായിരുന്ന സ്വപ്നങ്ങളെക്കുറിച്ച് ആയിരുന്നു. എന്നെ തീവ്രവാദി എന്ന് വിളിച്ച ലോകത്തിനു മുന്നിൽ എൻറെ നിരപരാധിത്വം തെളിയുന്ന ആ ദിവസം അദ്ദേഹം എത്രമാത്രം കിനാവ് കണ്ടിട്ടുണ്ടായിരിക്കും? സുപ്രീംകോടതിയുടെ ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് ജൂലൈ മുതൽ തന്റെ ഇണയോടൊപ്പവും മക്കളോടും പേരമക്കളോടും ഒപ്പമുള്ള, നീണ്ട 17 വർഷങ്ങൾക്ക് ശേഷമുള്ള ഒരു ജീവിതം അദ്ദേഹം എത്ര സ്വപ്നം കണ്ടിട്ടുണ്ടാകും?

അല്ലാഹു അദ്ദേഹത്തെ ഏറ്റവും ആദരവോടെ സ്വീകരിക്കട്ടെ....🤲🏽'

TAGS :

Next Story