Quantcast

മാപ്പു പറഞ്ഞതിന് പിറകെ യു. പ്രതിഭ എംഎൽഎ എഫ്ബി അക്കൗണ്ട് ഉപേക്ഷിച്ചു

വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    25 Feb 2022 11:04 AM GMT

മാപ്പു പറഞ്ഞതിന് പിറകെ യു. പ്രതിഭ എംഎൽഎ എഫ്ബി അക്കൗണ്ട് ഉപേക്ഷിച്ചു
X

കായംകുളത്തെ വോട്ടുചോർച്ച എവിടെയും ചർച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ മാപ്പു പറഞ്ഞ ശേഷം ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ച് യു. പ്രതിഭ എംഎൽഎ. കായംകുളത്ത് തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നുവെന്നും കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുകയാണെന്നും കുറ്റപ്പെടുത്തി പോസ്റ്റിട്ടതിൽ അവർ മാപ്പു പറഞ്ഞിരുന്നു. സമൂഹ മാധ്യമ വേദികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുന്നുവെന്നും പ്രതിഭ അറിയിച്ചിരുന്നു. തുടർന്നാണ് എഫ്ബി അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത്.

വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും ഇനി ഉണ്ടാവില്ലെന്നും കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്ന് ഉണ്ടായെന്നും അവർ പറഞ്ഞിരുന്നു. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് എംഎൽഎയുടെ വിശദീകരണം തേടി ഉടനടി പ്രശ്നത്തിൽ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കിൽ എം.എൽ.എക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. പ്രതിഭയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാർട്ടി വേദിയിലാണെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഏരിയ കമ്മിറ്റിക്ക് പിന്നാലെ ജില്ലാ നേതൃത്വവും ആരോപണങ്ങൾ തള്ളിയതോടെ യു പ്രതിഭ എംഎൽഎക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്നാണ് സൂചന.

പാർട്ടി ഫോറത്തിൽ പറയാതെ നവമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരമെന്നാണ് സിപിഎം വിലയിരുത്തൽ. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മണ്ഡലത്തിൽ വോട്ടുചോർച്ച ഉണ്ടായെങ്കിലും പാർട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. എന്നാൽ ഇത്തരം പരാതികൾ ഒരു പാർട്ടി വേദിയിലും എംഎൽഎ ഉന്നയിച്ചിരുന്നില്ല. ജില്ലാ സമ്മേളനത്തിന് പിന്നാലെ ഉയർന്ന ആരോപണം അച്ചടക്ക ലംഘനമെന്നും വിലയിരുത്തലുണ്ട്. എംഎൽഎയുടെ പോസ്റ്റ് സംഘടന വിരുദ്ധമെന്ന ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി തുറന്നു പറഞ്ഞു കഴിഞ്ഞു.യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നേരത്തെ വിവാദമായിട്ടുണ്ടെങ്കിലും നേതൃത്വം പൂർണമായും തള്ളുന്നത് ഇത് ആദ്യമായാണ്. അച്ചടക്ക നടപടി ആവശ്യപ്പെട്ട് കായംകുളത്തെ എതിർ ചേരിയും പ്രതിഭക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.

അവസാന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചില വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണക്കുറിപ്പ്.തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങനെ ഒരു പോസ്റ്റ് എഴുതാൻ ഇടയായത്..ജനപ്രതിനിധിയും പൊതുപ്രവർത്തകയും എന്നതുപോലെ തന്നെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയും കൂടെയാണ് ഞാൻ. ഇന്നത്തെ ഞാനാക്കി എന്നെ വളർത്തിയത് ഞാൻ സ്‌നേഹിക്കുന്ന എൻറെ പ്രസ്ഥാനം ആണ്.ജീവിതത്തിലെ സന്തോഷങ്ങളിൽ എന്നതുപോലെ, കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നൽകി നിലനിർത്തിയത് ഈ പ്രസ്ഥാനത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവർത്തകരുടെ സ്‌നേഹ വിശ്വാസങ്ങളാണ്.ഈ പ്രതിബദ്ധത പ്രാണവായു പോലെ ഹൃദയത്തിൽ സൂക്ഷിച്ചു മാത്രമാണ് ഞാൻ ഇന്നേവരെ നില കൊണ്ടിട്ടുള്ളത്.നാളെകളിലും തീർച്ചയായും അങ്ങനെ തന്നെ ആയിരിക്കും.

ഉത്തരവാദിത്വങ്ങളും ചുമതലകളും പിഴവു വരാതെ നിർവഹിച്ചു മുന്നോട്ടുപോകുന്ന മാനസിക സംഘർഷം നിറഞ്ഞ സന്ദർഭങ്ങളിൽ. കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്നും ഉണ്ടാവുന്നത് ആരെയും വേദനിപ്പിക്കും.. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങൾ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയിൽ അത് മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കും. അത്തരമൊരു സാഹചര്യത്തിലാണ് ഞാൻ മേൽപ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് എഴുതാൻ ഇടയായത്. തികച്ചും വ്യക്തിപരമായ മനോദുഃഖത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ് മറ്റുള്ളവർക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതിൽ എനിക്ക് വാക്കുകൾക്കതീതമായ ദുഃഖമുണ്ട്.എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ഞാൻ ജീവനുതുല്യം സ്‌നേഹിക്കുന്ന എന്റെ പാർട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നിൽ നിന്നും ഉണ്ടാവില്ല. എന്റെ വാക്കുകൾ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവരിൽ ഓരോരുത്തരോടും ഞാൻ വ്യക്തിപരമായി ഹൃദയപൂർവ്വം ഖേദം പ്രകടിപ്പിക്കുന്നു. ഇത് എന്റെ മനസ്സിൽ നിന്നും വരുന്ന നേരിന്റെ ശബ്ദമായി നിങ്ങളേവരും സ്വീകരിക്കണം.

എംഎൽഎ എന്ന നിലയിൽ കായംകുളത്തെ ജനങ്ങളുടെ ക്ഷേമത്തിനും നാടിൻറെ നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയാണ് ഞാൻ എന്നും നില കൊണ്ടിട്ടുള്ളത്.എൻറെ പാർട്ടിയിലെ അച്ചടക്കമുള്ള ഒരു പ്രവർത്തകയായി മുന്നോട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ. സമൂഹ മാധ്യമ വേദികളിൽ നിന്നുംതാൽക്കാലികമായി കുറച്ചു നാൾ വിട്ടുനിൽക്കുന്നു. സമൂഹ മാധ്യമ വേദികളിൽ ഇന്നലെകളിൽ എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്ന ആയിരക്കണക്കായ സ്‌നേഹ മനസ്സുകളോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..ക്രിയാത്മകമായ വിമർശനങ്ങളുമായ് ആത്മാർത്ഥത കാട്ടി വരോടും എൻറെ കടപ്പാടും അറിയിക്കുന്നു.

After the controversial Facebook post that the vote fraud in Kayamkulam was not discussed anywhere, Pratibha MLA left the Facebook account.

TAGS :

Next Story