ആഗോള അയ്യപ്പ സംഗമം; പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് വൈകും
ഹൈക്കോടതിയോട് സാവകാശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്‍റെ പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് വൈകും. ഹൈക്കോടതിയോട് സാവകാശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തുക സംബന്ധിച്ച് ഊരാളുങ്കലുമായി ധാരണയിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരള ബാങ്ക് സ്പോൺസർ ആണോ എന്ന ചോദ്യത്തിന് മന്ത്രി വി. എൻ വാസവൻ നിയമസഭയിൽ വ്യത്യസ്ത മറുപടികളാണ് നൽകിയത് .
ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച ആദ്യ ഓഡിറ്റ് റിപ്പോർട്ടിൽ പിശകുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ സമ്മതിച്ചതാണ്. പുതുക്കിയ റിപ്പോർട്ട് ഈ മാസം 26 ന് മുമ്പ് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഇവൻ്റ് കമ്പനിയായ ഊരാളുങ്കലിനു കീഴിലെ IIIC ചെലവ് തുകയായ 7.11 കോടി രൂപ വേണമെന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. എന്നാൽ ദേവസ്വം ബോർഡ് 4.99 കോടി മാത്രമേ നൽകൂ. ഒത്തുതീർപ്പിലെത്താത്തതാണ് ഓഡിറ്റ് വൈകിപ്പിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന് കേരള ബാങ്ക് സ്പോൺസറായിരുന്നെന്നാണ് ബോർഡും സർക്കാരും ഒരു പോലെ പറഞ്ഞത്. നിയമസഭയിൽ കഴിഞ്ഞ ദിവസം കെ. ബാബുവിൻ്റെ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് കേരള ബാങ്ക് ഒരു കോടി രൂപ നൽകിയെന്ന് മന്ത്രി വി.എൻ. വാസവൻ മറുപടി നൽകി. അതേ മന്ത്രി തന്നെ എൻ.ഷംസുദ്ദീന്‍റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് അയ്യപ്പ സംഗമത്തിന് കേരള ബാങ്ക സ്പോൺസർ അല്ലെന്നും മറുപടി നൽകി. വിചിത്ര മറുപടി എങ്ങനെ വന്നു എന്നതിൽ മന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷ ആവശ്യം.
Adjust Story Font
16

