എയ്ഡഡ് സ്‌കൂൾ നിയമനം: കോടതി ഇടപെടൽ സ്വാഗതാർഹമെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്‌കൂൾസ് മാനേജ്‌മെന്റ് അസോസിയേഷൻ
കോഴ വാങ്ങുന്ന എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടി എടുക്കാൻ സർക്കാർ മടിക്കുകയാണ്. അധ്യാപക സംഘടനകളുടെ എതിർപ്പാണ് സർക്കാരിനെ പിന്തിരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് : എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടാത്ത സർക്കാർ നടപടിയെ വിമർശിച്ച ഹൈക്കോടതി തീരുമാനം സ്വാഗതാർഹമാണെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്‌കൂൾസ് മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നിസാർ ഒളവണ്ണ അഭിപ്രായപ്പെട്ടു. നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങുന്നതായി കോടതി തന്നെ നിരീക്ഷണം നടത്തിയിരിക്കുകയാണ്. കോഴ വാങ്ങുന്ന എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടി എടുക്കാൻ സർക്കാർ മടിക്കുകയാണ്. അധ്യാപക സംഘടനകളുടെ എതിർപ്പാണ് സർക്കാരിനെ പിന്തിരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള അൺ എയ്ഡഡ് സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന് വിദ്യാഭ്യാസ വകുപ്പ് വാശിപിടിക്കുകയാണ്. ഓരോ പ്രദേശത്തെയും മത- ധർമ സ്ഥാപങ്ങൾ, മഹല്ല്കമ്മിറ്റികൾ, സഭകൾ, സൊസൈറ്റി- ട്രസ്റ്റുകൾ എന്നിവ നടത്തുന്ന വിദ്യാലയങ്ങളാണ് ഏറെയും. യാതൊരു തരത്തിലുള്ള സാമ്പത്തിക മോഹവും ഇല്ലാതെയാണ് പല സ്‌കൂളുകളും പ്രവർത്തിക്കുന്നത്. വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള മലപ്പുറം ജില്ലയിലെ 14 സ്‌കൂളുകൾ അടച്ചു പൂട്ടണമെന്ന് കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരിക്കുകയാണ്. സമാനമായ നീക്കം പാലക്കാട് ജില്ലയിലും ഉണ്ടായി. ഇത്തരം തീരുമാനങ്ങൾ സർക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നതാണ്. സർക്കാരിന്റെ ശത്രുതാ പരമായ നീക്കത്തിനെതിരെ സമുദായ സംഘടനകൾ രംഗത്ത് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ച നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ട്. 'സർക്കാർ പോളിസി' എന്ന പേരുപറഞ്ഞു ഇത്തരം സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാതെ വിദ്യാഭ്യാസ വകുപ്പ് ഉരുണ്ട് കളിക്കുകയാണ്. സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും നിസാർ ഒളവണ്ണ ആവശ്യപ്പെട്ടു.
Adjust Story Font
16

