കേരളത്തില്‍ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്; കരിപ്പൂരിൽ നിന്ന് മാത്രം 25 ഓളം സർവീസുകൾ നഷ്ടമാകും
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് ഏതാണ്ട് 75ഓളം സർവീസുകളാണ് വെട്ടിക്കുറക്കുന്നത്

കോഴിക്കോട്: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്.ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് 75 ഓളം സർവീസുകൾ വെട്ടുക്കുറച്ചേക്കും.കരിപ്പൂരിൽ നിന്ന് മാത്രം 25 ഗൾഫ് സർവീസുകൾ ഇല്ലാതാകും.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് ഏതാണ്ട് എഴുപത്തിയഞ്ചോളം സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഒഴിവാക്കുന്നത്. കരിപ്പൂരിൽ ജിദ്ദയിലെക്ക് ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുമ്പോഴും, ദമാമിലേക്ക് സർവിസ് ആഴ്ചയിൽ മൂന്ന് ദിവസമായി കുറക്കും.
കരിപ്പൂരിൽ നിന്ന് അബൂദബിയിലേക്ക് ആഴ്ചയിൽ നാല് ദിവസം മാത്രമാകും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുക.മസ്‌കറ്റിലേക്കും ആഴ്ചയിൽ മൂന്ന് സർവീസ് ആയി കുറക്കും.കൊച്ചിയിൽ നിന്ന് ബഹ്റൈൻ ലേക്ക് ആഴ്ചയിൽ രണ്ടായി സർവീസ് കുറയും.
കൊച്ചി അബുദാബി ആഴ്ചയിൽ നാല് സർവീസ് ആകും. തിരുവനന്തപുരം ദുബൈ വിമാനം സർവീസ് നിർത്തും , അബുദാബിയിലേക്കും തുരുവനന്തപുരത്ത് നിന്ന് സർവീസ് ഉണ്ടാകില്ല. കരിപ്പൂരിൽ നിന്ന് കുവൈത്ത് സർവീസ് ഇതിനോടകം അവസാനിപ്പിച്ചു.
കണ്ണൂരിൽ നിന്ന് ബഹ്റൈൻ - ജിദ്ദ - ദമാം - കുവൈറ്റ് സർവീസും ഇല്ലാതാകും. കുവൈത്തിലേക്ക് പോകണമെങ്കിൽ വടക്കൻ കേരളത്തിലു ള്ളവർക്ക് ഇനി മംഗളൂരു , കൊച്ചി എയർപോർട്ടുകളെ ആശ്രയിക്കേണ്ടി വരും.എയർ ഇന്ത്യ എക്‍സ്പ്രസ് തീരുമാനം ടിക്കറ്റ് നിരക്ക് വർധനക്കും, യാത്രക്കാരുടെ തിരക്കിനും ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
വാണിജ്യപരമായ കാരണങ്ങളാണ് സർവീസുകളിലെ ഈ മാറ്റത്തിന് കാരണമായി എയർ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിശദീകരണം .
അതിനിടെ, സൗദി ദമ്മാം കണ്ണൂര്‍ സെക്ടറിലെ എല്ലാ സര്‍വീസുകളും നിര്‍ത്തിയിരിക്കുകയാണ്. ഒന്നര വര്‍ഷമായി സര്‍വീസ് നടത്തി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസും, കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച ഇന്‍ഡിഗോയും പൊടുന്നനേ സര്‍വീസുകള്‍ അവസാനിപ്പിക്കുകയാണുണ്ടായത്. നിലവില്‍ ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസുകളില്ല.
Adjust Story Font
16

