Quantcast

കൊച്ചിക്ക് ആ'ശ്വാസം': മഴയ്‌ക്ക് പിന്നാലെ നഗരത്തിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു

ആദ്യം പെയ്ത മഴത്തുള്ളികളിൽ സൾഫ്യൂരിക് ആസിഡിന്റെ നേരിയ സാന്നിധ്യം ഉണ്ടെന്നായിരുന്നു കണ്ടെത്തൽ

MediaOne Logo

Web Desk

  • Updated:

    2023-03-16 04:30:01.0

Published:

16 March 2023 3:03 AM GMT

air quality_kochi
X

കൊച്ചി: കൊച്ചിയിൽ വായുഗുണനിലവാരം മെച്ചപ്പെട്ടു. ഇന്നലെ പെയ്‌ത വേനൽമഴയ്‌ക്ക് പിന്നാലെയാണ് വായുഗുണനിലവാരം മെച്ചപ്പെട്ടത്. അന്തരീക്ഷത്തിലെ രാസബാഷ്പത്തിന്റെ നിരക്ക് കുറഞ്ഞു. ഇന്നലെ 115 ഉണ്ടായിരുന്ന PM2.5 തോത് മഴയ്ക്ക് ശേഷം 79ലെത്തി.

അതേസമയം, കൊച്ചിയിൽ പെയ്തത് അമ്ലമഴയെന്നാണ് വിദ​ഗ്ധർ പറയുന്നത്. ‌ആദ്യം പെയ്ത മഴത്തുള്ളികളിൽ സൾഫ്യൂരിക് ആസിഡിന്റെ നേരിയ സാന്നിധ്യം ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. അമ്ല മഴയ്ക്ക് സാധ്യതയുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിലുണ്ടായ ആദ്യ മഴയായിരുന്നു ഇന്നലെ വൈകിട്ടത്തേത്.

ഇടിമിന്നലോടു കൂടിയാണ് ശക്തമായ മഴയുണ്ടായത്. തീപിടിത്ത ശേഷം ആദ്യം പെയ്യുന്ന മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. കളമശേരി, കലൂർ അടക്കമുള്ള വിവിധയിടങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ബ്രഹ്മപുരത്ത് 12 ദിവസമെടുത്താണ് പുകയും തീയും അണയ്ക്കാൻ കഴിഞ്ഞത്. വലിയ തോതിൽ വിഷപ്പുക അന്തരീക്ഷത്തിൽ പടരുകയും ഇത് വായുമലിനീകരണത്തിന് കാരണമാവുകയും ചെയ്തിരുന്നു.

കൊച്ചിയിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശമായ സ്ഥിതിയിലാണ്. ഇതോടൊപ്പം രാസബാഷ്പ മാലിന്യമായ പി.എം 2.5ന്റെ തോത് വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. ഇതൊക്കെ മൂലം ആസിഡ് മഴയ്ക്കടക്കം സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അതിനാൽ ആദ്യ മഴ നനയരുതെന്നും കൊച്ചിക്കാർ വീടുകളിൽ തന്നെ കഴിയണമെന്നും നിർദേശമുണ്ടായിരുന്നു. മഴ നനയുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

മഴ ആശങ്കയാകുന്നതിനിടെ വായുഗുണനിലവാരം മെച്ചപ്പെട്ടുവെന്നത് കൊച്ചിക്കാരെയും അധികൃതരെയും സംബന്ധിച്ച് ആശ്വാസകരമാണ്.

TAGS :

Next Story