ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ ദുഃഖമുണ്ട്; അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം: എ.കെ ആന്റണി
21 വർഷമായി കേരള രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്നിട്ടും തനിക്കെതിരെ ഏകപക്ഷീയമായ ആക്രമണം നടക്കുന്നുവെന്ന് ആന്റണി പറഞ്ഞു

തിരുവനന്തപുരം: 21 വർഷമായി കേരള രാഷ്ട്രീയത്തിൽ താൻ സജീവമല്ലാതിരുന്നിട്ടും തനിക്കെതിരെ ഏകപക്ഷീയമായ ആക്രമണം നടക്കുന്നുവെന്ന് എ.കെ ആന്റണി. 1995ൽ കോടതി ഉത്തരവ് നടപ്പാക്കാനാണ് ശിവഗിരിയിലേക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. സംഭവങ്ങൾ പലതും നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാര കൈമാറ്റം നടത്തിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നടപടി നേരിടേണ്ടി വരുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി. ഉത്തരവ് നടപ്പാക്കാൻ എത്തിയവരിൽ പല തരക്കാർ ഉണ്ടായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കി വിജയിച്ചവർക്ക് അധികാരം കൈമാറി. നിയമവാഴ്ച നടപ്പാക്കുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ നായനാർ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണം. എന്താണ് അവിടെ സംഭവിച്ചതെന്ന് ജനങ്ങൾ അറിയട്ടെ എന്നും ആന്റണി പറഞ്ഞു.
ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ ദുഃഖമുണ്ട്. ഖേദം ശിവഗിരിയിൽ തന്നെ പോയി രേഖപ്പെടുത്തിയിരുന്നു. ആദിവാസികൾക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൊടുത്തത് താനാണ്. മുത്തങ്ങ സമരക്കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സഭയിൽ പറഞ്ഞത് പഞ്ചസാരയും മണ്ണെണ്ണയും ഒഴിച്ച് 20 ആദിവാസികളെ കത്തിച്ചു എന്നാണ്. മുത്തങ്ങ ദേശീയ വന്യജീവി സങ്കേതമാണ്.
ആദിവാസികൾ ആദ്യം കുടിൽ കെട്ടിയപ്പോൾ എല്ലാവരും അവരെ ഇറക്കിവിടണമെന്ന് പറഞ്ഞു. പൊലീസ് ആക്ഷൻ ഉണ്ടായപ്പോൾ മാധ്യമങ്ങളും ചില രാഷ്ട്രീയ പാർട്ടികളും നിലപാട് മാറ്റി. മുത്തങ്ങ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമൈന്നും ആന്റണി ആവശ്യപ്പെട്ടു. ആ റിപ്പോർട്ടും സർക്കാർ പ്രസിദ്ധീകരിക്കണം.
അന്ന് ആദിവാസികളെ ഇറക്കി വിടണമെന്ന് മൂന്ന് പ്രാവശ്യം കേന്ദ്ര സർക്കാർ കത്തയച്ചു. പിന്നീട് വന്ന ഏതെങ്കിലും സർക്കാർ മുത്തങ്ങയിൽ ആദിവാസികളെ താമസിപ്പിക്കാൻ അനുവദിച്ചിട്ടുണ്ടോ? സാധ്യമല്ല, അത് ദേശീയ വന്യജീവി സങ്കേതമാണ്. 15 വർഷം ഭരിച്ചപ്പോഴും സാധ്യമായിട്ടില്ല. എന്നിട്ടും തനിക്ക് മാത്രമാണ് പഴി കേൾക്കുന്നത്. ഏതെങ്കിലും ആദിവാസി സംഘടന പിന്നീട് മുത്തങ്ങയിൽ കുടിൽ കെട്ടിയിട്ടില്ലെന്നും ആന്റണി പറഞ്ഞു.
മാറാട് കലാപത്തെക്കുറിച്ചും ജുഡീഷ്യൽ റിപ്പോർട്ട് ഉണ്ട്. അതും പുറത്തുവിടാം. പമ്പ മുതൽ മരക്കൂട്ടം വരെ വനിതകളെ കൊണ്ടുപോയവരാണ് അയ്യപ്പസംഗമം നടത്തുന്നത്. ഇത് തന്റെ അവസാന വാർത്താസമ്മേളനം അല്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ തുറന്നുപറയാനുണ്ട്. അതിൽ അപ്രിയ സത്യങ്ങൾ ഉണ്ടാകും. അതെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പറയുമെന്നും ആന്റണി വ്യക്തമാക്കി.
താൻ ഗ്രൂപ്പ് രാഷ്ട്രീയം നിർത്തിയിട്ട് 25 വർഷം കഴിഞ്ഞു. കോൺഗ്രസിന് ഒരു പ്രതിസന്ധിയുമില്ല. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ആർക്കും കഴിയില്ല. ദേശീയ തലത്തിലും സംസ്ഥാനത്തും കോൺഗ്രസ് ഉയരങ്ങളിലേക്ക് പോവുകയാണെന്നും ആന്റണി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷം ആയുധമാക്കിയത് ശിവഗിരിയിലെയും മുത്തങ്ങയിലെയും പൊലീസ് നടപടികളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിനെക്കുറിച്ച് വിശദീകരിക്കാൻ ആന്റണി മാധ്യമങ്ങളെ കണ്ടത്.
Adjust Story Font
16

