Quantcast

ആലപ്പുഴ ഇരട്ടക്കൊലപാതകം; നിരോധനാജ്ഞ തുടരുന്നു, സർവകക്ഷിയോഗം വൈകിട്ട് നാലിന്

എസ്.ഡി.പി.ഐയുടെയും ഒ.ബി.സി മോർച്ചയുടെയും സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ടതിൽ ഉന്നത ഗൂഢാലോചന പൊലീസ് സംശയിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-12-21 00:59:20.0

Published:

21 Dec 2021 12:51 AM GMT

ആലപ്പുഴ ഇരട്ടക്കൊലപാതകം; നിരോധനാജ്ഞ തുടരുന്നു, സർവകക്ഷിയോഗം വൈകിട്ട് നാലിന്
X

ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി കലക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും.

എസ്.ഡി.പി.ഐയുടെയും ഒ.ബി.സി മോർച്ചയുടെയും സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ടതിൽ ഉന്നത ഗൂഢാലോചന പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കൾ അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന. രഞ്ജിത്ത് കൊലക്കേസിൽ ആലപ്പുഴ നഗരത്തിലെ എസ്.ഡി.പി.ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. കേസിൽ നേരിട്ട് ബന്ധമുള്ള 12 പേർക്കായി തിരച്ചിൽ തുടരുകയാണ്.

എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ 2 പേർ അറസ്റ്റിലായെങ്കിലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ പിടികൂടാനായിട്ടില്ല. ഇവർക്കായുള്ള അന്വേഷണവും ഊർജിതമാണ്. കലക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്നു വൈകിട്ട് നാലു മണിക്ക് ചേരും. മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ ബി.ജെ.പി ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നിരോധനാജ്ഞ നാളെ രാവിലെ 6 വരെ നീട്ടി. പൊലീസിന്‍റെ പരിശോധനയും നിരീക്ഷണവും ജില്ലയിലുടനീളം ശക്‌തമാണ്‌.



TAGS :

Next Story