'അപകടത്തിന് പിന്നാലെ ക്രെയിൻ ടെക്‌നിഷ്യന്മാർ ഇറങ്ങിയോടി, സമീപത്തെ വീട്ടുകാർ വന്ന് നോക്കുമ്പോൾ ഡ്രൈവർക്ക് ജീവനുണ്ടായിരുന്നു'; നാട്ടുകാരൻ
ഒന്നും ചെയ്യാനാകാത്ത നിസ്സഹായവസ്ഥ ആയിരുന്നു

സനൂപ് Photo| MediaOne
കൊച്ചി: ആലപ്പുഴ അരൂര്‍ ദേശീയപാതയിൽ ഗര്‍ഡര്‍ അപകടത്തിന് പിന്നാലെ ക്രെയിൻ ടെക്‌നിഷ്യന്മാർ ഇറങ്ങിയോടിയെന്ന് നാട്ടുകാരന്‍ സനൂപ് അസീസ്. രണ്ട് മണിക്കൂറിന് ശേഷമാണ് പിന്നിട് ഇവരെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപത്തെ വീട്ടുകാർ വന്ന് നോക്കുമ്പോൾ പിക്ക് അപ് വാൻ ഡ്രൈവർ മരിച്ചിരുന്നില്ല. ഒന്നും ചെയ്യാനാകാത്ത നിസ്സഹായവസ്ഥ ആയിരുന്നു. അപകടത്തിന് തൊട്ടുമുമ്പാണ് കെഎസ്ആർടിസി കടന്നു പോയത്. തലനാരിഴയ്ക്കാണ് കൂടുതൽ ആൾനാശം ഒഴിവായതെന്നും അസീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പിക്കപ്പ് വാൻ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്. . ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിൻ്റെ മുകളിലേക്കാണ് വീണത്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സംഭവത്തിൽ സമഗ്ര അന്വേഷണ നടത്തുമെന്ന് എറണാകുളം കലക്ടർ പറഞ്ഞു. സാങ്കേതിക പ്രശ്നം മൂലമാണ് അപകടം നടന്നത്. ഗർഡർ ഘടിപ്പിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. രാത്രി സമയങ്ങളിൽ ഗതാഗതം നിയന്ത്രണം ഉണ്ടാകാറുണ്ട്. അപകടം നടക്കുമ്പോഴുണ്ടായ സാഹചര്യം പരിശോധിക്കും. പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. കൂടുതൽ പരിശോധനകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

