ഇങ്ങനെയൊരു മെസേജ് വന്നിട്ടുണ്ടോ ? ഫോൺ ഹാക്ക് ചെയ്യാനും പണം നഷ്ടമാകാനും കാരണമാകും
വ്യാജ എസ്എംഎസുകളിലൂടെ വ്യാപകമായി തട്ടിപ്പ് നടക്കുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്

കോഴിക്കോട്: കൊറിയർ കമ്പനികളുടെ പേരിൽ വരുന്ന വ്യാജ എസ്എംഎസുകളിലൂടെ വ്യാപകമായി തട്ടിപ്പ് നടക്കുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്. ബ്ലൂ ഡാർട്ട് പോലുള്ള കൊറിയർ കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. കൊറിയർ വിവരങ്ങൾക്കായി *21* <മൊബൈൽ നമ്പർ> # എന്ന കോഡ് ഡയൽ ചെയ്യാൻ വിളിക്കുന്നവർ നിങ്ങളോട് ആവശ്യപ്പെടും.
ഈ കോഡ് ഡയൽ ചെയ്താൽ നിങ്ങളുടെ കോളുകളും മെസ്സേജുകളും (OTP ഉൾപ്പെടെ) തട്ടിപ്പുകാരന്റെ നമ്പറിലേക്ക് ഫോർവേഡ് ചെയ്യപ്പെടും. ഒടിപി റിക്വസ്റ്റ് ചെയ്യുന്ന സമയത്ത്, ഫോൺകാൾ വഴി ഒടിപി ലഭിക്കാനുള്ള ഓപ്ഷൻ സെലക്ട് ചെയ്യാൻ സാധിക്കും. ഇതുവഴിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.
പിന്നാലെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാനും ബാങ്ക് വിവരങ്ങൾ ചോർത്താനും വേഗം കഴിയും. ഫോണിൽ മെസേജ് വഴിയോ അല്ലാതെയോ ഉള്ള അനാവശ്യ ലിങ്കുകളിലോ കോഡുകളിലോ ക്ലിക്ക് ചെയ്യരുതെന്നും അവർ പറഞ്ഞു. ഫോർവേഡിങ് ഒഴിവാക്കാൻ ഉടൻ ##002# ഡയൽ ചെയ്യണം. തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ പരാതിപ്പെടണമെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16

