Quantcast

'ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് ആലി മുസ്‌ലിയാരുടെ മൃതദേഹം'; ജയിൽ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ആലി മുസ്‌ലിയാർ കോയമ്പത്തൂർ ജയിലിൽ കഴിയുമ്പോൾ അവിടെ ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പനാണ് ഇക്കാര്യം മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥിനോട് വെളിപ്പെടുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-12 15:03:21.0

Published:

12 Sep 2022 2:11 PM GMT

ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് ആലി മുസ്‌ലിയാരുടെ മൃതദേഹം; ജയിൽ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ
X

കോഴിക്കോട്: മലബാർ സമര നായകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ആലി മുസ്‌ലിയാരുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. ബ്രിട്ടീഷുകാർ തൂക്കിലേറ്റുംമുൻപ് ആലി മുസ്‌ലിയാർ മരിച്ചിരുന്നുവെന്നാണ് പുതിയ വിവരം. മുസ്‌ലിയാർ കോയമ്പത്തൂർ ജയിലിൽ കഴിയുമ്പോൾ അവിടെ ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പനാണ് ഇക്കാര്യം മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

എസ്.കെ.എസ്.എസ്.എഫ് നേതാവായ സത്താൽ പന്തല്ലൂർ ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ആലി മുസ്‌ലിയാരുടെ മരണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ചരിത്രത്തെ വെല്ലുവിളിക്കുന്നതാണ് വെളിപ്പെടുത്തൽ. ആലി മുസ്‌ലിയാരെ തൂക്കിലേറ്റാൻ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോൾ സഹതടവുകാർക്കൊപ്പം സുബ്ഹി ജമാഅത്തായി നമസ്‌കരിക്കാനുള്ള(കൂട്ടനമസ്‌കാരം) താത്പര്യം അറിയിക്കുകയായിരുന്നു. സഹതടവുകാരെ അതിന് അനുവദിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും മുസ്‌ലിയാരോടുള്ള ആദരവുകൊണ്ട് അതിന് സമ്മതിച്ചു. അപ്രതീക്ഷിതമായി നമസ്‌കാരത്തിനിടെ സുജൂദിൽ കിടന്ന് ആലി മുസ്‌ലിയാർ മരണപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് കണ്ണപ്പൻ പറയുന്നു.

മരിച്ച വിവരം പുറത്തറിയിക്കരുതെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം തൂക്കിലേറ്റാനായിരുന്നു പദ്ധതി. മരിച്ച ആലി മുസ്‌ലിയാരെ 'തൂക്കിലേറ്റി' അവർ പിന്നീട് ശിക്ഷ നടപ്പാക്കുകയും ചെയ്തു. ബ്രീട്ടീഷുകാരാൽ താൻ വധിക്കപ്പെടരുതെന്നായിരുന്നു ജയിലിൽ വന്നതുമുതൽ ആലി മുസ്‌ലിയാരുടെ പ്രാർത്ഥനയെന്ന് സഹതടവുകാർ പറയാറുണ്ടെന്ന് കണ്ണപ്പൻ പറഞ്ഞതായി മംഗലം ഗോപിനാഥ് ഓർക്കുന്നു.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്വാതന്ത്ര്യ സമര നായകൻ ആലി മുസ്‌ലിയാരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയെന്നാണ് ചരിത്രം. തൂക്കിലേറ്റുന്നതിനുമുൻപേ മരണപ്പെട്ടിരുന്നുവെന്നും പലരും പറയാറുണ്ട്. ഇതേകുറിച്ചുള്ള അന്വേഷണ യാത്രയിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥിനെ കണ്ടുമുട്ടിയത്.

ആലി മുസ്‌ലിയാർ ജയിലിൽ കിടക്കുമ്പോൾ അവിടത്തെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പൻ ജോലിയിൽനിന്ന് വിരമിച്ച് വർഷങ്ങൾ പിന്നിട്ട സമയത്താണ് കോയമ്പത്തൂരിൽവച്ച് മംഗലം ഗോപിനാഥ് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്.

ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഇങ്ങിനെയായിരുന്നു: ആലി മുസ്‌ലിയാരെ തൂക്കിലേറ്റാൻ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോൾ തന്റെ സഹതടവുകാരോടൊപ്പം സുബ്ഹി ജമാഅത്തായി നമസ്‌കരിക്കാനുള്ള താത്പര്യം അറിയിച്ചു. സഹതടവുകാരെ അതിന് അനുവദിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ആലി മുസ്‌ലിയാരോടുള്ള ആദരവ് കൊണ്ട് അവർ അതിന് സമ്മതിച്ചു. അപ്രതീക്ഷിതമായി നമസ്‌കാരത്തിനിടെ സുജൂദിൽ കിടന്ന് ആലി മുസ്‌ലിയാർ മരണപ്പെട്ടു.

സ്വാതന്ത്ര്യ സമര നായകൻ ആലി മുസ് ലിയാരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയെന്നാണ് ചരിത്രം. തൂക്കിലേറ്റുന്നതിന് മുമ്പേ...

Posted by Sathar panthaloor on Sunday, September 11, 2022

പക്ഷെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഈ വിവരം പുറത്തറിയിക്കരുതെന്നും അദ്ദേഹത്തെ തൂക്കിലേറ്റണമെന്നും കർശന നിർദ്ദേശം നൽകി. മരണപ്പെട്ട ആലി മുസ്‌ലിയാരെ അവർ 'തൂക്കിലേറ്റി' ശിക്ഷ നടപ്പാക്കി. ബ്രീട്ടീഷുകാരാൽ താൻ വധിക്കപ്പെടരുതെന്നായിരുന്നു ജയിലിൽ വന്നതുമുതൽ ആലി മുസ്‌ലിയാരുടെ പ്രാർത്ഥനയെന്ന് സഹതടവുകാർ പറയാറുണ്ടെന്ന് ഉദ്യോഗസ്ഥാനായ കണ്ണപ്പൻ പറഞ്ഞതായി മംഗലം ഗോപിനാഥ് ഓർക്കുന്നു.

Summary: 'Malabar rebellion leader Ali Musliyar was dead before being hanged, and his dead body was hanged by the British later'; Ex-officer of Coimbatore central jail reveals

TAGS :

Next Story