ബാക്കിവന്ന സ്വർണം മുഴുവൻ പോറ്റിക്ക് കൈമാറി; മൊഴി ആവർത്തിച്ച് പങ്കജ് ഭണ്ഡാരി
സ്വർണക്കൊള്ളയിൽ ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാത്തത് അന്വേഷണത്തിൽ സംശയം ഉണ്ടാക്കുന്നതാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ആരോപിച്ചു

Photo: MediaOne
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന മുഴുവൻ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിയെന്നാവർത്തിച്ച് സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി. കേസിൽ അന്വേഷണ സംഘം പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തൽ.
സ്വർണക്കൊള്ളയിൽ ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാത്തത് അന്വേഷണത്തിൽ സംശയം ഉണ്ടാക്കുന്നതാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ആരോപിച്ചു. ദേവസ്വം ബോർഡിൻറെ തലപ്പത്ത് ഐഎഎസുകാർ വരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലെ കട്ടിള പാളിയിലെയും സ്വർണം ഉരുക്കിയത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ്. ചെമ്പ് പാളികളിൽ സ്വർണം പൂശിയതിന് ശേഷം 420 ഗ്രാം സ്വർണം ബാക്കി വന്നെന്നും ഇത് ഉണ്ണികൃഷ്ണ പോറ്റിക്ക് കൈമാറിയെന്നുമാണ് പങ്കജ് ഭണ്ഡാരി ആവർത്തിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസിന്റെ വിശദീകരണം പൂർണ്ണമായും എസ് ഐ ടി വിശ്വാസത്തിൽ എടുക്കുന്നില്ല. സ്വർണപ്പാളി ചെമ്പാക്കി മാറ്റിയതിൽ സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ചെന്നൈയിലും ഹൈദരാബാദിലും ഉൾപ്പെടെ വീണ്ടും പരിശോധന നടത്തും.
അന്വേഷണം ആരംഭിച്ച് ഇത്രയും ദിവസങ്ങളായിട്ടും ഒരു പ്രതിയെ പോലും പിടികൂടിയില്ലായെന്നതിൽ അസ്വാഭാവികതയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. പൊലീസിന്റെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ തലപ്പത്ത് ഐഎഎസുകാർ വരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് അടക്കം ശേഖരിച്ച രേഖകളുടെ പരിശോധന എസ്ഐടി തുടരുകയാണ്. ഇത് പൂർത്തിയാക്കിയ ശേഷമാകും പ്രതികളെ ചോദ്യം ചെയ്യുക.
Adjust Story Font
16

