'നെട്ടിശ്ശേരിയിലെ വീട്ടിൽ സുരേഷ് ഗോപിയോ ബന്ധുക്കളോ ഇപ്പോൾ താമസമില്ല'; കോണ്‍ഗ്രസ് ആരോപണം ശരിവെച്ച് അയല്‍വാസി
മണ്ഡലത്തിൽ ഇല്ലാത്ത ആയിരക്കണക്കിന് വോട്ടർമാരെ ചേർത്ത് ബിജെപി കൃത്രിമം നടത്തി എന്നാണ് കോൺഗ്രസും ഇടതുപക്ഷവും ആരോപിക്കുന്നത്

തൃശൂർ തൃശ്ശൂരിൽ വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ മടങ്ങി എന്ന ഡിസിസി പ്രസിഡന്റിന്റെ ആരോപണം ശരി വെച്ച് നാട്ടുകാർ.നെട്ടിശ്ശേരിയിലെ വീട്ടിൽ സുരേഷ് ഗോപിയോ ബന്ധുക്കളോ ഇപ്പോൾ താമസമില്ലെന്ന് അയൽവാസി ദാസൻ മീഡിയവണിനോട് പറഞ്ഞു. കുറച്ച് നാള്‍ വീട്ടില്‍ ആളുണ്ടായിരുന്നു. പിന്നീട് അവരെല്ലാം പോയെന്നും ദാസന്‍ പറഞ്ഞു. ഇപ്പോള്‍ വേറെ ആളുകളാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ മണ്ഡലത്തിൽ ഇല്ലാത്ത ആയിരക്കണക്കിന് വോട്ടർമാരെ ചേർത്ത് ബിജെപി കൃത്രിമം നടത്തി എന്നാണ് കോൺഗ്രസും ഇടതുപക്ഷവും ആരോപിക്കുന്നത്.
സുരേഷ് ഗോപിയും കുടുംബവും അനിയന്റെ കുടുംബവും ഭരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ് വോട്ട് ചേർത്തതെന്നും തെരഞ്ഞെടുപ്പിന് ശേഷം ആ വീട് ബോംബെ കേന്ദ്രീകരിച്ച കമ്പനിക്ക് കൊടുത്തെന്നും തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജെറ്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
'ഇപ്പോൾ ആ വീട്ടിൽ ആരും താമസമില്ല. ഇവർക്ക് ഇപ്പോഴും ഈ വിലാസത്തിൽ വോട്ടുണ്ട്. അവിടെ താമസിക്കുന്നത് മറ്റു ചിലരാണ്. ധാർമികമായി ഇത് ശരിയല്ല. ഇവർക്ക് ഇതേ വീട്ടുനമ്പറിൽ കോർപറേഷൻ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടികയിൽ പേരില്ല' എന്ന് ജോസഫ് ടാജെറ്റ് പറഞ്ഞു. ഒരു ബൂത്തിൽ 25 മുതൽ 45 വരെ വോട്ടുകൾ ക്രമക്കേടിലൂടെ കടന്നുകൂടിയതായി ജോസഫ് ആരോപിക്കുന്നു.
Adjust Story Font
16

