Quantcast

ഭരണമാറ്റം മുന്നിൽക്കണ്ടുള്ള നീക്കമോ?; സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമെന്ന് ആക്ഷേപം

വകുപ്പ് മന്ത്രിമാരറിയാതെ ഉദ്യോഗസ്ഥർ ഉത്തരവിറക്കുന്നുവെന്ന് ആരോപണം

MediaOne Logo

Web Desk

  • Published:

    28 Jan 2026 12:14 PM IST

ഭരണമാറ്റം മുന്നിൽക്കണ്ടുള്ള  നീക്കമോ?; സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമെന്ന് ആക്ഷേപം
X

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമെന്ന് ആക്ഷേപം. വകുപ്പ് മന്ത്രിമാരറിയാതെ ഉദ്യോഗസ്ഥർ ഉത്തരവിറക്കുന്നതും സർക്കാരിന്റെ പ്രഖ്യാപിത നയപരിപാടികളിൽ ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം സഹകരിക്കാത്തതും സർക്കാരിന് തലവേദനയാകുന്നു. ഭരണമാറ്റം മുന്നിൽക്കണ്ടാണ് ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ എന്നാണ് സൂചന.

ഭരണ മാറ്റം എന്ന ട്രെൻഡ് വന്നതോടെ ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കും മനംമാറ്റം ഉണ്ടായതാണ് മന്ത്രിമാരെ കുഴക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ സർക്കാരുമായി ആലോചിക്കാതെ ഉദ്യോഗസ്ഥർ കൈകൊണ്ട് മൂന്ന് സുപ്രധാന തീരുമാനങ്ങളാണ് മന്ത്രിമാർ ഇടപെട്ട് പിൻവലിക്കേണ്ടി വന്നത്.

ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ 45 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വാഹനത്തിന്റെ ഫിറ്റ്നസ് പുതുക്കലിനെ അടക്കം ബാധിക്കുമെന്ന കേന്ദ്ര ഗതാഗത നിയമം കേരളത്തിലും ബാധകമാകുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചത് കഴിഞ്ഞ ശനിയാഴ്ച. തൊട്ടു പിന്നാലെ മന്ത്രി കെ.ബി ഗണേഷ് കുമാർ നേരിട്ട് ഇടപെട്ട് പരിഷ്കാരം നടപ്പിലാക്കുന്നത് മരവിപ്പിച്ചു.

വിവാദമായ എയ്ഡഡഡ് സ്കൂൾ ശമ്പള ബിൽ ഉത്തരവ് ധനമന്ത്രിക്ക് മരവിപ്പിക്കേണ്ടി വന്നത് രണ്ടാം വട്ടം. ഒരിക്കൽ പിൻവലിക്കേണ്ടി വന്ന ഉത്തരവ് തിരഞ്ഞെടുപ്പടുത്തപ്പോൾ വീണ്ടും പുറത്തിറക്കിയത് സംശയകരം എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ അകമ്പടി പോകണമെന്ന അജിത് കുമാറിന്റെ വിവാദ നിർദ്ദേശവും ഒടുവിൽ മന്ത്രിക്ക് തന്നെ തിരുത്തേണ്ടി വന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ പൂർത്തിയാക്കാൻ ശ്രമിക്കുന്ന മൂന്നു സുപ്രധാന പദ്ധതികളും ഉദ്യോഗസ്ഥരുടെ നിസഹകരണത്തെ തുടർന്ന് പ്രതിസന്ധിയിലാണ്. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയിൽ 20 ലക്ഷത്തിലേറെ പേരെ ഉൾപ്പെടുത്താനായിരുന്നു സർക്കാർ ലക്ഷ്യം. വരുമാന പരിധി വർദ്ധിപ്പിച്ച് നൽകിയിട്ടും പക്ഷേ ഇതുവരെ പദ്ധതിയിൽ ചേർക്കാൻ ആയത് 13 ലക്ഷത്തോളം പേരെ മാത്രം. കണക്ട് ടു വർക്ക് പദ്ധതിക്കും കാര്യമായ അപേക്ഷകരെ കിട്ടിയില്ല. ഉദ്യോഗസ്ഥരിൽ നിന്നും ജനങ്ങളിൽ നിന്നും പിന്തുണ ലഭിക്കാതെ വന്നതോടെ സർക്കാരിന്റെ നവകേരള സർവേയും പാതിവഴിയിലാണ്. സർക്കാർ നേട്ടം ജനങ്ങളിൽ എത്തിക്കാൻ ആവിഷ്കരിച്ച വിദ്യാർതികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് പരിപാടിയും ഉദ്യോഗസ്ഥർ ഫണ്ട് അനുവദിക്കാൻ മടിക്കുന്നതിന് തുടർന്ന് പ്രതിസന്ധിയിലാണ്.

സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികൾ ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കിനെ തുടർന്ന് ഇഴഞ്ഞു നീങ്ങുന്നത് മൂന്നാം തുടർ ഭരണമെന്ന പ്രതീക്ഷക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ

TAGS :

Next Story