'കുടുംബശ്രീയെ മറയാക്കി സ്വകാര്യ ഗ്രൂപ്പ് വെട്ടിപ്പ് നടത്തുന്നു'; കണ്ണൂർ ചാൽ ബീച്ചിന്റെ നടത്തിപ്പിൽ വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം
'ഡിടിപിസിക്ക് ലഭിക്കേണ്ട വരുമാനം സ്വകാര്യ ഇടനിലക്കാർ തട്ടിയെടുക്കുന്നു'

കണ്ണൂർ: കണ്ണൂർ അഴീക്കോട്ടെ ചാൽ ബീച്ചിന്റെ നടത്തിപ്പിൽ വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. കുടുംബശ്രീയെ മറയാക്കി സ്വകാര്യ ഗ്രൂപ്പ് വെട്ടിപ്പ് നടത്തുന്നുവെന്നാണ് ആരോപണം. ഡിടിപിസിക്ക് ലഭിക്കേണ്ട വരുമാനം സ്വകാര്യ ഇടനിലക്കാർ തട്ടിയെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്.
ചുരുങ്ങിയ കാലത്തിനുള്ളിൽ കണ്ണൂരിലെ വിനോദ സഞ്ചാര രംഗത്ത് ഇടംപിടിച്ച കേന്ദ്രങ്ങളിലൊന്നാണ് ചാൽ ബീച്ച്. കടലിനോട് ചേർന്നുള്ള പ്രകൃതി രമണീയമായ തീരത്തിൻ്റെ ടൂറിസം സാധ്യത വിപുലമാണ്. ബീച്ചിൻ്റെ പരിപാലനവും സംരക്ഷണവും പ്രദേശത്തെ കുടുംബശ്രീ യൂണിറ്റിനാണെന്നാണ് ഔദ്യോഗിക രേഖ.
ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഇക്കാര്യം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലടക്കം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ നടന്ന ബീച്ച് ഫെസ്റ്റിവലിൻ്റെ ടിക്കറ്റ് വിതരണത്തിന് ഉപയോഗിച്ച ക്യു ആർ കോഡാണ് സാമ്പത്തിക ഇടപാടിലെ ദുരൂഹത ഉയർത്തുന്നത്. നക്ഷത്ര ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ആൻ്റ് ഡവലപ്മെൻ്റ് സൊസെെറ്റിയുടെ പേരിൽ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്ന് രേഖകൾ സൂചിപ്പിക്കുന്നു.
ബീച്ച് പരിപാലനവും ഫെസ്റ്റ് നടത്തിപ്പും കുടുംബശ്രീ നേരിട്ടാണെന്ന് കലക്ടർ വ്യക്തമാക്കുമ്പോഴും കഴിഞ്ഞ പുതുവർഷാഘോഷത്തിനടക്കം നടന്ന പരിപാടിയുടെ വരുമാനം സ്വകാര്യ സ്ഥാപനത്തിന് ലഭിച്ചതിന് പിന്നിലെ ദുരൂഹത ചോദ്യം ഉയർത്തുന്നു. വരുമാനത്തിൻ്റെ 25 ശതമാനം ഡിടിപിസിക്ക് നൽകണമെന്ന നിബന്ധനയിലാണ് ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ അനുമതി നൽകിയത്. വൻ വിജയമായ ചാൽ ബീച്ച് ഫെസ്റ്റിൻ്റെ വരുമാനം നടത്തിപ്പുകാരായ കുടുംബശ്രീ യൂണിറ്റിന് തന്നെയാണോ ലഭിച്ചതെന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്.
Adjust Story Font
16

