ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ, ഒടുവിൽ 14കാരന്‍റെ കൈ വളഞ്ഞു; കോന്നി മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം
അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിനാണ് ദുരനുഭവം

പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി പതിനാലുകാരന്‍റെ കുടുംബം. ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകിയെന്നും ഒടുവിൽ കൈ വളഞ്ഞു പോയെന്നും കുടുംബം ആരോപിക്കുന്നു. അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിനാണ് ദുരനുഭവം. കുടുംബം പൊലീസിൽ പരാതി നൽകി.
കളിക്കിടെ കൈ ഒടിഞ്ഞ തൻസീറിന് കഴിഞ്ഞ നവംബറിലാണ് കോന്നി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റർ ഇട്ടത്. ഓർത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഫെബ്രുവരി രണ്ടിന് പ്ലാസ്റ്റർ നീക്കം ചെയ്തപ്പോഴാണ് കൈ പൂർണമായും വളഞ്ഞുപോയതായി കണ്ടത്. ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൻ തുക ചെലവാക്കി കുട്ടിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി. മെഡിക്കൽ കോളജിന്‍റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി തൻസീറിന്‍റെ മാതാപിതാക്കൾ കോന്നി പൊലീസിൽ പരാതി നൽകി.
മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്നാണ് സൂപ്രണ്ടിന്‍റെ വിശദീകരണം. കുട്ടികളുടെ ഒടിവുകൾ ചികിത്സിക്കുമ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരത്തിൽ എല്ലുകൾക്ക് വ്യതിയാനം സംഭവിക്കാറുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തിയേക്കും.
Adjust Story Font
16

