Quantcast

അനിൽകാന്ത് പുതിയ പൊലീസ് മേധാവി

2022 ജനുവരി വരെയാണ് സർവീസ് കാലാവധി

MediaOne Logo

abs

  • Updated:

    2021-06-30 06:08:37.0

Published:

30 Jun 2021 5:08 AM GMT

അനിൽകാന്ത് പുതിയ പൊലീസ് മേധാവി
X

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്ത് ചുമതലേൽക്കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവർ കൂടി അടങ്ങിയ പട്ടികയിൽ നിന്നാണ് അനിൽകാന്തിനെ തെരഞ്ഞെടുത്തത്.

നിലവിൽ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ് അനിൽകാന്ത്. പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2022 ജനുവരി വരെയാണ് സർവീസ് കാലാവധി. പട്ടികവിഭാഗത്തില്‍ നിന്ന് കേരളത്തില്‍ പൊലീസ് മേധാവിയാകുന്ന ആദ്യത്തെയാളാണ് അനില്‍കാന്ത്.

യുപിഎസ്‌സി നൽകിയ പട്ടികയിൽ സുദേശ് കുമാറാണ് ഒന്നാമതായി ഉണ്ടായിരുന്നത്. എന്നാൽ മകൾ പൊലീസുകാരനെ മർദിച്ചത്, ക്യാമ്പ് ഫോളോവർമാരെ ദാസ്യപ്പണിയെടുപ്പിച്ചു തുടങ്ങിയ വിവാദങ്ങൾ സുദേശ് കുമാറിന് തിരിച്ചടിയായി. പൊലീസ് സംഘടനകൾക്കും സുദേശ് പ്രിയങ്കരനായിരുന്നില്ല എന്നാണ് റിപ്പോർട്ട്.

നേട്ടങ്ങളും വിവാദങ്ങളുമായി ബഹ്‌റ

സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നത്. കോവിഡ്, ലോക്ഡൗൺ പ്രതിസന്ധി കാലത്ത് സേനാംഗങ്ങളെ മുന്നണിപ്പോരാളികളായി നയിക്കാനായതിന്റെ ക്രെഡിറ്റും ലോക്‌നാഥ് ബെഹ്‌റയുടെ പേരിലുണ്ട്.

തുടർഭരണം കിട്ടിയ സർക്കാരിനൊപ്പം രണ്ട് തവണയും തുടരാൻ സാധിച്ച പൊലീസ് മേധാവിയാണ് ബെഹ്‌റ. അഞ്ചു വർഷത്തോളം പൊലീസ് മേധാവി സ്ഥാനത്ത് ഇരിക്കാൻ കഴിഞ്ഞെന്ന അപൂർവ്വ നേട്ടം. ഓഖി, നിപ്പ, പ്രളയം, കോവിഡ്, ലോക്‌ഡൌൺ- ഇക്കാലയളവിലൊക്കെ പൊലീസ് സേനയെ മുന്നിൽ നിന്ന് നയിച്ചു ബെഹ്‌റ. സേനയിലെ ആധുനികവത്കരണവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും വേഗത്തിലാക്കി. കേരള പൊലീസിൻറെ എഫ്ബി പേജ് ലോകത്തെ പൊലീസ് സേനകളിൽ മുൻപന്തിയിൽ എത്തിയതും ബെഹ്‌റയുടെ കാലത്ത് തന്നെ.

എൻഐഎയിലും സിബിഐയിലുമായി സേവനമനുഷ്ഠിച്ച 16 വർഷക്കാലയളവിൽ മുംബൈ സ്‌ഫോടന പരമ്പരയടക്കം രാജ്യശ്രദ്ധ നേടിയ കേസുകൾ അന്വേഷിച്ചു. ജിഷ വധം, നടിയെ ആക്രമിച്ച കേസ്, കൂടത്തായി കേസ് എന്നിവയിലെ അറസ്റ്റ് സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പൊലീസിന് പുറമെ വിജിലൻസ്, ഫയർഫോഴ്‌സ്, ജയിൽ വകുപ്പുകളുടെ തലപ്പത്തും ബെഹ്‌റയ്ക്ക് സേവനമനുഷ്ഠിക്കാനായി.

നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും ബെഹ്‌റയെ തേടിയെത്തിയത്. ഇതേ കാലയളവിലാണ്. സീനിയോരിറ്റി മറികടന്ന് പൊലീസ് മേധാവി നിയമനം എന്നതായിരുന്നു ലോക്‌നാഥ് ബെഹ്‌റയെ കേന്ദ്രീകരിച്ചുള്ള ആദ്യ തർക്കം. പിന്നീട് ഓരോ ഇടവേളകളിലും വിവാദങ്ങൾ ബെഹ്‌റയെയും സേനയെയും തേടിയെത്തി. പൊലീസ് തലപ്പത്തിരുന്ന അഞ്ച് വർഷക്കാലയളവിൽ മാവോയിസ്റ്റ് വേട്ടയിൽ 8 പേർ കൊല്ലപ്പെട്ടതും 145 യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്തതും വിമർശനങ്ങൾക്ക് ഇടയാക്കി. പൊലീസിൽ അഴിമതിയും ക്രമക്കേടുമെന്ന സിഎജി റിപ്പോർട്ടും വെടിയുണ്ടകൾ അപ്രത്യക്ഷമായതും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കി. ഒരു പ്രത്യേക കമ്പനിയുടെ പെയിൻറ് സ്റ്റേഷനുകൾക്ക് അടിക്കണമെന്ന സർക്കുലർ വിവാദത്തിന് പിന്നാലെ ഡിജിപി റദ്ദാക്കി.

1985 ബാച്ച് ഐപിഎസ് കേരള കേഡറിൽ സർവ്വീസിൽ പ്രവേശിച്ച ലോക്‌നാഥ് ബെഹ്‌റയുടെ ആദ്യ പോസ്റ്റിംഗ് ആലപ്പുഴ എഎസ്പി ആയിട്ടായിരുന്നു. 36 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നത്. ഒഡീഷയിലെ ബെറംപൂർ സ്വദേശിയായ ലോക്‌നാഥ് ബെഹ്‌റ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും കേരളത്തിൽ തന്നെ തുടരാനാണ് ആലോചിക്കുന്നത്.

TAGS :

Next Story