'മകനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്തുപോയ്‌ക്കോയെന്ന് ഉമ്മയെ വിളിച്ചു പറഞ്ഞു'; പെണ്‍സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി അന്‍സിലിന്‍റെ ബന്ധുക്കള്‍
മരിച്ച അൻസിലിന് യുവതിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ

കോതമംഗലം:എറണാകുളം കോതമംഗലത്ത് മരിച്ച അൻസിലുമായി പെൺസുഹൃത്തിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അൻസിലിന്റെ ബന്ധുക്കൾ. യുവതിയാണ് വിഷം നൽകിയ വിവരം അൻസിലിന്റെ മാതാവിനെ വിളിച്ചു പറഞ്ഞത് . മുൻപും ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും അൻസിലിന്റെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍ മാലിപ്പാറ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡനക്കേസിലെ അതിജീവിതയായ പ്രതിയുടെ പേര് പൊലീസ് പുറത്ത് വിട്ടിട്ടില്ല.പ്രാഥമിക ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിരുന്നു.
'മകനെ വിഷം കൊടുത്തുകൊല്ലുമെന്ന് യുവതി നേരത്തെ അന്‍സിലിന്‍റെ മാതാവിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്.കഴിഞ്ഞദിവസം മാതാവിനെ വിളിച്ച് അന്‍സിലിനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്.എടുത്തുപോയ്‌ക്കോയെന്ന് പറഞ്ഞു. വിഡിയോ കോളിലൂടെ വിളിച്ച് കാണിച്ചുകൊടുത്തിട്ടാണ് വിശ്വസിച്ചത്. അതിനിടെ അൻസിൽ ഇക്കാര്യം പൊലീസിനെ വിളിച്ചുപറഞ്ഞിരുന്നു'..ബന്ധു പറഞ്ഞു
ഇന്നലെ പുലര്‍ച്ചയോടെയാണ് അന്‍സില്‍ വിഷം കഴിച്ചെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. യുവതിയുടെ മാലിപ്പാറയുടെ വീട്ടില്‍ വിഷം കഴിച്ച നിലയിലാണെന്ന വിവരം അന്‍സില്‍ തന്നെ പൊലീസിനെ അറിയിച്ചത്. വീട്ടുകാരും പൊലീസും ആംബുലന്‍സുമായി എത്തി ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ രാത്രിയോടെ മരിക്കുകയായിരുന്നു.
പുല്ലിനടിക്കുന്ന കീടനാശിനിയാണ് അകത്ത് ചെന്നതെന്നാണ് വിവരം. 300 മില്ലി വിഷം ഉള്ളിൽ ചെന്നതായി പരിശോധനയിൽ കണ്ടെത്തിയെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.മുൻപും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.അൻസിലിനെതിരെ സാമ്പത്തിക തട്ടിപ്പിന് യുവതി നേരത്തെ പരാതി നൽകിയിരുന്നു.
പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വിഷാംശമടങ്ങിയ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.കളമശേരി മെഡിക്കല്‍ കോളജിലാണ് അന്‍സിലിന്‍റെ പോസ്റ്റ്‍മോര്‍ട്ടം നടത്തുന്നത്.
Adjust Story Font
16

