Quantcast

സി.എ.എ വിരുദ്ധ സമരം: വട്ടിയൂർക്കാവ് മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾക്ക് സമൻസ്

കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് വട്ടിയൂർക്കാവ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2023-07-13 02:21:29.0

Published:

13 July 2023 2:01 AM GMT

Anti-CAA protest Vatiyoorkau Muslim Jamaat office-bearers summoned
X

തിരുവനന്തപുരം: സി.എ.എ വിരുദ്ധ സമരത്തിന്റെ പേരിൽ വട്ടിയൂർക്കാവ് മുസ്‌ലിം ജമാഅത്ത് ഭാരവാഹികളടക്കം അഞ്ചുപേർക്ക് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ്. സ്ഥലം എം.എൽ.എ വി.കെ പ്രശാന്ത്, കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്ത സമരത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പൗരത്വ പ്രക്ഷോഭത്തിനെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ നടപടി.

2020 ജനുവരി 19-നായിരുന്നു വട്ടിയൂർകാവ് ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നെട്ടയത്തുനിന്ന് വട്ടിയൂർക്കാവിലേക്ക് മാർച്ചും തുടർന്ന് വട്ടിയൂർക്കാവിൽ പ്രതിഷേധ സംഗമവുമാണ് നടന്നത്. പൊതുനിരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ ജാഥയോ പ്രകടനമോ നടത്താൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു, നെട്ടയം ജങ്ഷനിൽ അന്യായമായി സംഘം ചേർന്നു, കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും തടസം സൃഷ്ടിച്ച് പ്രകടനം നടത്തി എന്നീ കുറ്റങ്ങളാണ് ഭാരവാഹികൾക്കുമേൽ ചുമത്തിയത്. അന്നത്തെ മഹല്ല് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി, കമ്മിറ്റിയിലെ ഒരംഗം എന്നിവർക്കാണ് സമൻസ് ലഭിച്ചത്.

പൊലീസ് കേസെടുത്ത കാര്യം ഭാരവാഹികൾ അറിഞ്ഞിരുന്നില്ല. കോടതിയിൽനിന്ന് സമൻസ് ലഭിച്ച കാര്യം പൊലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചറിയിച്ചപ്പോഴാണ് ഇക്കാര്യം ഭാരവാഹികൾ അറിയുന്നത്.

ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് 2021 ഫെബ്രുവരിയിലാണ് സർക്കാർ തീരുമാനിച്ചത്. പൗരത്വപ്രക്ഷോഭത്തിലെ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാനാവൂ എന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞത്.

ഏക സിവിൽകോഡിനെതിരെ സി.പി.എം യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത സമയത്താണ് പൗരത്വ സമരക്കാലത്തെ കേസുകളിൽ നിയമനടപടി തുടരുന്നത് എന്നതിന് വളരെ പ്രധാന്യമുണ്ട്. പൗരത്വസമരക്കാലത്തെ കേസുകൾ പിൻവലിച്ച ശേഷം പുതിയ പ്രക്ഷോഭം ആലോചിക്കാമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ളവർ പറഞ്ഞിരുന്നത്.

TAGS :

Next Story