കേരളോത്സവത്തിലെ മുസ്‍ലിം വിരുദ്ധ ടാബ്ലോ; പരാതി നൽകി എസ്ഡിപിഐ
എസ്ഡിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അബുലയ്സ് മംഗലത്താണ് പരാതി നൽകിയത്

കൊച്ചി: കേരളോത്സവത്തില്‍ മുസ്‍ലിം സമുദായത്തെ അപമാനിക്കുന്ന തരത്തിൽ ടാബ്ലോ അവതരിപ്പിച്ചതിനെതിരെ എസ്ഡിപിഐ. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അബുലയ്സ് മംഗലത്ത് പൊലീസിന് പരാതി നൽകി.
ടാബ്ലോ ഇസ്‌ലാം മതത്തെയും മുസ്‍ലിം സമുദായത്തെയും അധിക്ഷേപിക്കുന്നതും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറഞ്ഞു. മുസ്‍ലിം സമുദായത്തിനുള്ളിൽ അത്തരം ഒരു ആചാരം നിലനിൽക്കുന്നില്ല എന്നിരിക്കെ, സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പ്രചരണങ്ങൾ മതസ്പർദ്ധ വളർത്തുക എന്ന ലക്ഷ്യം വച്ചുകൊണ്ട് മാത്രമാണ്. ഇതിനു പിന്നിൽ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റുമാണെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതുമാണെന്നും പരാതിയിൽ വ്യക്തമാക്കി.
ഇസ്‌ലാം മതവിശ്വാസ-ആചാരങ്ങളെയും അതുവഴി മുസ്‍ലിം സമുദായത്തെയും സമൂഹത്തിന്റെ മുന്നിൽ ഇകഴ്ത്താനും അവരെ പ്രാകൃതരെന്ന് വരുത്തി തീർക്കുവാനുമുള്ള ഇത്തരം പ്രചരണങ്ങൾ ദുരുദ്ദേശപരവും അപകടകരവുമാണ്. വ്യാജവും തെറ്റിദ്ധാരണ പരുത്തുന്നതുമായ ഇത്തരം പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും, കുറ്റക്കാരായവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അബുലയ്സ് മംഗലത്ത് പറഞ്ഞു.
കേരളോത്സവത്തിന്റെ സാംസ്കാരിക ഘോഷയാത്രയിലാണ് ടാബ്ലോ പ്രദർശിപ്പിച്ചത്. തൊപ്പിയിട്ട ഒരു മുസ്‍ലിയാരും തട്ടമിട്ട ചെറിയൊരു ബാലികയും കൈപിടിച്ച് ഇരിക്കുന്നതാണ് ടാബ്ലോയിലുള്ളത്. മുസ്‍ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയിലാണ് ടാംബ്ലോ അവതരിപ്പിച്ചിരിക്കുന്നത്.
Adjust Story Font
16

