തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിൻ്റെ ഹരജി ഇന്ന് പരിഗണിക്കും
കോടതി ശിക്ഷ സ്റ്റേ ചെയ്താൽ ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനത്തേക്ക് തിരിച്ചെത്താം

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിൻ്റെ ഹരജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മൂന്നുവർഷത്തെ ശിക്ഷ വിധിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാണ് ആന്‍റണി രാജുവിന്‍റെ ആവശ്യം. കോടതി ശിക്ഷ സ്റ്റേ ചെയ്താൽ ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനത്തേക്ക് തിരിച്ചെത്താം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല.
അതേസമയം വിധിപ്രതികൂലമായാൽ ആന്‍റണി രാജുവിന് വൻ തിരിച്ചടിയാകും. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എംഎൽഎ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനായത്.
കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
Adjust Story Font
16

