Quantcast

പിതാവിന്‍റെ പേര് രേഖപ്പെടുത്തേണ്ടതില്ലാത്ത അപേക്ഷ ഫോമുകളും സർട്ടിഫിക്കറ്റുകളും വേണം: ഹൈക്കോടതി

സർക്കാറിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന-മരണ വിഭാഗം ചീഫ് രജിസ്ട്രാർക്കുമാണ് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്

MediaOne Logo

ijas

  • Updated:

    2021-08-17 17:26:28.0

Published:

17 Aug 2021 5:13 PM GMT

പിതാവിന്‍റെ പേര് രേഖപ്പെടുത്തേണ്ടതില്ലാത്ത അപേക്ഷ ഫോമുകളും സർട്ടിഫിക്കറ്റുകളും വേണം: ഹൈക്കോടതി
X

കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നൽകുന്ന കുഞ്ഞുങ്ങളുടെ ജനന-മരണ സർട്ടിഫിക്കറ്റുകൾക്കായി പിതാവിന്‍റെ പേര് രേഖപ്പെടുത്തേണ്ടതില്ലാത്ത അപേക്ഷ ഫോമുകളും സർട്ടിഫിക്കറ്റുകളും വേണമെന്ന് ഹൈകോടതി. വിവാഹ മോചനം നേടിയശേഷം കൃത്രിമ ഗർഭധാരണത്തിലൂടെ അമ്മയാകാൻ ഒരുങ്ങുന്ന കൊല്ലം സ്വദേശിനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍റെ ഉത്തരവ്. ഹരജിക്കാരി എട്ടു മാസം ഗർഭിണിയാണ്. അതിനാൽ കുഞ്ഞിന്‍റെ ജനന രജിസ്ട്രേഷന് അടിയന്തര നടപടിയെടുക്കണം. സർക്കാറിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന-മരണ വിഭാഗം ചീഫ് രജിസ്ട്രാർക്കുമാണ് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്.

കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞുണ്ടാകുമ്പോൾ ബീജ ദാതാവിന്‍റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടണമെന്നാണ് ചട്ടമെങ്കിലും കുട്ടിയുടെ പിതാവിന്‍റെ പേര് ജനന- മരണ സർട്ടിഫിക്കറ്റിന്‍റെ ആവശ്യത്തിലേക്ക് അനിവാര്യമായി നൽകേണ്ടി വരുന്ന അവസ്ഥ ചട്ട പ്രകാരം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പിതാവിന്‍റെ പേര് രേഖപ്പെടുത്താനുള്ള കോളം ഒഴിച്ചിട്ട് അപേക്ഷയും സർട്ടിഫിക്കറ്റും പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല. ഇത് അമ്മയുടെയും കുഞ്ഞിന്‍റെയും അന്തസിനെ ബാധിക്കുന്ന നടപടിയാകും. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) പോലെ കൃത്രിമ മാർഗങ്ങളിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള സ്ത്രീയുടെ അവകാശം നിയമപരമായി അംഗീകരിച്ചിട്ടുള്ളതിനാൽ ജനന-മരണ രജിസ്ട്രേഷനുള്ള ഫോമുകളിൽ പിതാവിന്‍റെ പേര് ചേർക്കണമെന്ന് നിർബന്ധിക്കുന്നത് മൗലികാവകാശത്തിനു വിരുദ്ധമാണ്. ഇത്തരം കുട്ടികളുടെ ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ഉചിതമായ ഫോം തയാറാക്കേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഫോമുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുള്ളതായും കോടതി വിലയിരുത്തി. ഇത് തടയാൻ രജിസ്ട്രേഷനെത്തുന്നവരോട് കൃത്രിമ ബീജ സങ്കലനത്തിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയതെന്ന സത്യവാങ്മൂലവും ഇതിന്‍റെ മെഡിക്കൽ രേഖകളുടെ പകർപ്പും വാങ്ങണം. ഇന്ത്യയിൽ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിക്കുന്നതുവരെ കൃത്രിമ മാർഗത്തിലൂടെ ഗർഭം ധരിക്കുന്നത് സങ്കൽപത്തിലുണ്ടായിരുന്നില്ല. എന്നാൽ, കാലം മാറിയതോടെ സാങ്കേതികവിദ്യയും ജീവിതരീതികളും മാറി. ഇതിനൊത്ത് നിയമത്തിലും മാറ്റങ്ങളുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.

TAGS :

Next Story