Quantcast

വഖഫ് നിയമനം; മുഖ്യമന്ത്രി വാക്കുപാലിച്ചെന്ന് സമസ്ത

എതിർപ്പ് ഉയർന്നപ്പോൾ അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചെന്നും തുടർ നടപടികൾ വേഗത്തിലാക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ

MediaOne Logo

Web Desk

  • Updated:

    2022-07-20 06:34:25.0

Published:

20 July 2022 6:33 AM GMT

വഖഫ് നിയമനം; മുഖ്യമന്ത്രി വാക്കുപാലിച്ചെന്ന് സമസ്ത
X

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനഃപ്പരിശോധിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് സമസ്ത. മുഖ്യമന്ത്രി മതനേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിച്ചെന്നും തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

എതിർപ്പ് ഉയർന്നപ്പോൾ അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചു. തുടർ നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഉറപ്പ് നൽകിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. മതങ്ങളുമായി ബന്ധപ്പെട്ട നിയമ നിർമാണം നടത്തുമ്പോൾ സമസ്ത അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. അങ്ങനെ വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് മാറ്റാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. മുസ്‍ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. അന്ന് ഐ.യു.എം.എല്ലിന്‍റെ ഭാഗത്ത് നിന്നും ഉയർന്ന ഏകപ്രശ്നം നിലവിലെ ജീവനക്കാർക്ക് ജോലി പോകുമെന്നായിരുന്നു. എന്നാല്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ അത് പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോൾ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്നമായി വരികയും ചെയ്തു. വഖഫ് ബോർഡ് യോഗമാണ് പി.എസ്.സിക്ക് വിടാൻ ശിപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്‍ലിം സംഘടന പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്നുള്ള നിയമഭേഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story