Quantcast

മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം; ഔദ്യോഗിക പക്ഷം വിജയിച്ചതായി ഡി.സി.സി

മലപ്പുറത്തെ ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാൻ കെ.പി.സി.സി നേതൃത്വം ശ്രമം തുടരുന്നതിനിടയിലാണ് യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-11-15 01:31:03.0

Published:

15 Nov 2023 1:29 AM GMT

Malappuram DCC- Youth Congress Election
X

മലപ്പുറം: കോൺഗ്രസിൽ ഗ്രൂപ്പിസം അതിശക്തമായി തുടരുന്ന മലപ്പുറത്ത് യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പിലൂടെ പുതിയ പോർമുഖം തുറന്നു. ഔദ്യോഗിക പക്ഷം മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചതായി ഡി.സി.സി വാർത്താ കുറിപ്പിറക്കി. 'എ' ഗ്രൂപ്പിൽ നിന്നും വിജയിച്ചവരെ മാത്രം ചേർത്ത് നിർത്തി ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു.

കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച് ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് തെരത്തെടുപ്പ് ഫലം വന്നത്. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും എ.പി അനിൽകുമാർ എം.എൽ.എയും നേതൃത്വം നൽകുന്ന പക്ഷം കരുത്ത്കാട്ടിയെന്ന് ഡി.സി.സി ഓഫീസ് സെക്രട്ടറി വാർത്താ കുറിപ്പിറക്കി.

ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള 'എ' ഗ്രൂപ്പ് സ്ഥാനാർത്ഥിയായ പി.നിധീഷിനെയും 'ഐ' ഗ്രൂപ്പിന്റെ നിസാം കുരുവാരകുണ്ടിനെയും പരാജയപെടുത്തിയാണ് ഹാരിസ് മതൂരിന്റെ വിജയമെന്ന് വാർത്താകുറിപ്പിൽ പറയുന്നു.

16 നിയോജക മണ്ഡലം കമ്മിറ്റികളിൽ 13 എണ്ണം ഔദ്യോഗിക പക്ഷം വിജയിക്കുകയും രണ്ടെണ്ണം മാത്രമാണ് ആര്യാടൻ ഷൗക്കത്ത് വിഭാഗത്തിന് ലഭിച്ചതെന്നും ഡി.സി.സിയുടെ ഔദേശിക മീഡിയാ ഗ്രൂപ്പിൽ വാർത്ത കുറിപ്പിട്ടു. ഗ്രൂപ്പ് തർക്കം പാരമ്യതയിൽ എത്തിനിൽക്കുമ്പോഴും പല നേതാക്കളും ഇത് സമ്മതിക്കാറില്ല. എന്നാൽ ഔദ്യോഗിക മീഡിയാ ഗ്രൂപ്പിൽ ഡി.സി.സി ഓഫീസ് സെക്രട്ടറി തന്നെയാണ് ഗ്രൂപ്പ് തിരിച്ച കണക്കും അവകാശവാദങ്ങളും ഉൾപെടുത്തി വാർത്താ കുറിപ്പിട്ടത്.

അസാധാരണ സംഭവത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചതോടെ വാർത്താകുറിപ്പ് ഡിലീറ്റ് ചെയ്തു. 'എ' ഗ്രൂപ്പിൽ നിന്നും വിജയിച്ചവർക്കൊപ്പം നിന്ന് ആര്യാടൻ ഷൗക്കത്തും ഫോട്ടോ പങ്കുവെച്ചു. കെ.സി വേണുഗോപാൽ പക്ഷക്കാരനായ ജില്ലാ പ്രസിഡന്റിന്റെ പേരുപോലും ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലില്ല.

മലപ്പുറത്തെ ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാൻ കെ.പി.സി.സി നേതൃത്വം ശ്രമം തുടരുന്നതിനിടയിലാണ് യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.

Watch Video Report


TAGS :

Next Story