Quantcast

അരിക്കൊമ്പനെ ഉടൻ തുറന്നു വിടില്ല; ആരോഗ്യം നിരീക്ഷിച്ച ശേഷം തീരുമാനമെന്ന് വനംവകുപ്പ്

ദൗത്യം പൂർത്തിയാകുന്നത് പുലർച്ചെ അഞ്ചു മണിയോടെയെന്നും തമിഴ്നാട് വനം വകുപ്പ്

MediaOne Logo

Web Desk

  • Updated:

    2023-06-05 18:02:58.0

Published:

5 Jun 2023 5:52 PM GMT

Arikkomban wont be relocated soon
X

തിരുനെൽവേലി: തമിഴ്നാട്ടിലെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നു വിട്ടില്ല. ദൗത്യം പൂർത്തിയാകുന്നത് പുലർച്ചെ അഞ്ചു മണിയോടെയെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. സംഘം ഇപ്പോഴും അപ്പർ കോടയാറിലേക്കുള്ള യാത്രയിലാണ്. ഇവിടെയെത്തിയാലും ഉടൻ തുറന്നു വിടില്ലെന്നാണ് വിവരം. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്

കമ്പത്തെ ജനവാസ മേഖലയില്‍ ഇറങ്ങിയ അരികൊമ്പനെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. ആദ്യം തമിഴ്നാട് മേഘമലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ തമിഴ്നാട് സര്‍ക്കാരും വനംവകുപ്പും അപ്രതീക്ഷിതമായി നീക്കം മാറ്റി. അരികൊമ്പനുമായുള്ള യാത്ര തിരുനെല്‍വേലി ജില്ലയിലെ അംബ സമുദ്രം വനമേഖലയില്‍ ഉള്‍പ്പെടുന്ന മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ മണിമുത്താര്‍ ഡാമിന് സമീപം ഇറക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ ഇതിനിടെ അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫ് തമിഴ്നാട് ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം അംഗീകരിച്ച കോടതി ഇന്ന് അരികൊമ്പനെ വനത്തിലേക്ക് തുറന്ന് വിടരുതെന്ന് തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അരികൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അരികൊമ്പന്‍ പ്രേമികളാണെന്ന വിമര്‍ശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്തുവന്നു.

അരിക്കൊമ്പനെ ഇറക്കി വിടരുതെന്ന് കോടതി പറഞ്ഞെങ്കിലും യാത്ര നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആഹാരവും വെള്ളവും നല്‍കാന്‍ കഴിയാത്തതിനാല്‍ ഇടയ്ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി അരികൊമ്പനുമായുള്ള ദൗത്യം തുടര്‍ന്നു.

ഇതിനിടെ വീണ്ടും അരികൊമ്പന്‍ കേസ് കോടതിയുടെ മുന്നിലെത്തി. ആനയെ ഇറക്കിവിട്ടില്ലെങ്കില്‍ ജീവന് ഭീഷണിയാകുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കോടതിയും സര്‍ക്കാരിന് വഴങ്ങി. അരികൊമ്പനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതോടെ പ്രതിഷേധവുമായി പ്രദേശവാസികളും എത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്.

TAGS :

Next Story