KSRTC ഡ്രൈവറെ തടഞ്ഞ കേസ്: മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി
മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. അരവിന്ദാണ് കാറോടിച്ചിരുന്നത്.
2024 ഏപ്രിൽ 27ന് രാത്രി 10 മണിക്കാണ് സംഭവം നടന്നത്. തിരുവനന്തപുരം പാളത്ത് വെച്ച് ഇരുവരും സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നു. ജോലി തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞു,വാഹനത്തില്‍ കയറി ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അന്ന് ചുമത്തപ്പെട്ടിരുന്നത്. ഡ്രൈവറായിരുന്ന യദു നല്‍കിയ പരാതിയില്‍ തുടക്കത്തില്‍ ആര്യക്കെതിരെയോ സച്ചിനെതിരെയോ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല.
മേയറെയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെയും അസഭ്യം പറഞ്ഞെന്നും അശ്ലീല ആംഗ്യം കാണിച്ചതിനും യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് യദു കോടതിയെ സമീപിക്കുകയായിരുന്നു.പിന്നീടാണ് ആര്യാ രാജേന്ദ്രന്‍,സച്ചിന്‍ദേവ്,സഹോദരന്‍ അരവിന്ദ് എന്നിവരെ പ്രതിയാക്കി കേസെടുത്തത്. യദുവിന്റെ പരാതിയിൽ കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.കഴിഞ്ഞ ആഗസ്റ്റിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.ആര്യയെയും സച്ചിനെയും ഒഴിവാക്കിയ നടപടിക്കെതിരെ ഡ്രൈവർ യദു കോടതിയെ സമീപിക്കും
Adjust Story Font
16

