'സീറ്റിനടിയിലെ കാർഗോ അറയിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹമുണ്ടെന്ന് ആ ഉമ്മ അറിഞ്ഞിരുന്നില്ല'; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി
ഫേസ്ബുക്കിലാണ് അഷ്റഫ് താമരശ്ശേരി കുറിപ്പ് പങ്കുവെച്ചത്

- Published:
9 Jan 2026 6:07 PM IST

കോഴിക്കോട്: വിദേശത്ത് മരണപ്പെട്ട പ്രവാസിയുടെ അന്ത്യയാത്രയെക്കുറിച്ച് ഉള്ളുലയ്ക്കുന്ന കുറിപ്പ് പങ്കുവെച്ച് പ്രവാസ ലോകത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ഒരു അറബിയുടെ കൂടെ ജോലി ചെയ്തു വരികയായിരുന്ന പ്രവാസി പെട്ടെന്നാണ് അസുഖം വന്നു കിടപ്പിലായത്. എന്നാൽ മനുഷ്യത്വമുള്ള മനസ്സിൽ നന്മയും കരുണയുമുള്ള ആ അറബി അദ്ദേഹത്തെ കൈവിട്ടില്ല. അറബി അദ്ദേഹത്തിന് വേണ്ട എല്ലാ ചികിത്സകളും ചെയ്തുകൊടുത്തു, മാത്രവുമല്ല നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ഗൾഫിൽ കൊണ്ടുവന്നു. അദ്ദേഹത്തോടൊപ്പം കുറച്ചുദിവസം ഭാര്യയും മകനും താമസിച്ചു. എന്നിട്ട് ഭാര്യയും മകനും നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങി.
അതിനിടയിലാണ് അദ്ദേഹം മരണപ്പെടുന്നത്. ഭാര്യക്ക് ഇത് താങ്ങാനുള്ള മനഃശക്തി ഉണ്ടാവില്ലന്ന് കരുതി ഭർത്താവിന്റെ മരണവാർത്ത അറബി ഭാര്യയെ അറിയിച്ചില്ല. മകനെ മാത്രം അറിയിച്ചു. അവർ നാട്ടിലേക്ക് പോകുന്ന വിമാനത്തിൽ ആ ഉമ്മയും മകനും സീറ്റിൽ ഇരുന്നു പോകുമ്പോൾ അവരുടെ സീറ്റിനടിയിലെ കാർഗോ അറയിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹവും തങ്ങളോടൊപ്പം നാട്ടിലേക്ക് കൂടെവാരുന്നുണ്ടെന്ന് ആ പാവം ഉമ്മ അറിയുന്നുണ്ടായിരുന്നില്ല. നാട്ടിൽ എത്തിയശേഷമാണ് അവർ ഇക്കാര്യം അറിഞ്ഞതെന്നും അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ഇക്കഴിഞ്ഞ ദിവസം കയറ്റി അയച്ച മൂന്ന് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ വളരെ സങ്കടപ്പെടുത്തുന്നതാണ്. ഇദ്ദേഹം ഇവിടെ ഒരു അറബിയുടെകൂടെ ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്നാണ് അദ്ദേഹം അസുഖം വന്നു കിടപ്പിലായത്. എന്നാൽ മനുഷ്യത്വമുള്ള മനസ്സിൽ നന്മയും കരുണയുമുള്ള ആ അറബി അദ്ദേഹത്തെ കൈവിട്ടില്ല. ആ അറബി അദ്ദേഹത്തിന് വേണ്ടുന്ന എല്ലാ ചികിത്സകളും ചെയ്തുകൊടുത്തു മാത്രവുമല്ല നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ഇവിടെ കൊണ്ടുവന്നു. അദ്ദേഹത്തോടൊപ്പം കുറച്ചുദിവസം ഭാര്യയും മകനും ചിലവഴിച്ചു. എന്നിട്ട് ഭാര്യയും മകനും നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങി. അതിനിടയിലാണ് അദ്ദേഹം പെട്ടെന്ന് മരണപ്പെടുന്നത്. എന്നാൽ ഇക്കാര്യം ആ അറബി അദ്ദേഹത്തിന്റെ ഭാര്യക്ക് ഈ സന്ദർഭത്തിൽ ഇത് താങ്ങാനുള്ള മനശക്തി ഉണ്ടാവില്ലന്ന് കരുതി ഭർത്താവിന്റെ മരണവാർത്ത ഭാര്യയെ അറിയിച്ചില്ല. എന്നാൽ മകനെ അറിയിച്ചിരുന്നു. അവർ നാട്ടിലേക്ക് പോകുന്ന വിമാനത്തിൽ ആ ഉമ്മയും മകനും സീറ്റിൽ ഇരുന്നു പോകുമ്പോൾ അവരുടെ സീറ്റിനടിയിലെ കാർഗോ അറയിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹവും തങ്ങളോടൊപ്പം നാട്ടിലേക്ക് കൂടെവാരുന്നുണ്ടെന്ന് ആ പാവം ഉമ്മ അറിയുന്നുണ്ടായിരുന്നില്ല. നാട്ടിൽ എത്തിയശേഷമാണ് അവർ അറിയുന്നത്. എന്തൊരു വിധിയാണിതെല്ലാം അല്ലേ? ഇവിടെ നാം മനസ്സിലാക്കേണ്ടത് മനസ്സിൽ കരുണയുള്ള ആ സ്നേഹമുള്ള അറബിയെകുറിച്ചാണ്. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത നല്ലവരായ മനുഷ്യസ്നേഹികളായ അറബികളാണ് ഇവിടുള്ളത്. ഇവിടെയാണ് മനുഷ്യ ബന്ധത്തിന്റെ മൂല്യം നമ്മൾ തിരിച്ചറിയുന്നത്.അവിടെയെ പടച്ചതമ്പുരാന്റെ തിരുനോട്ടം ഉണ്ടാവുകയുള്ളൂ. നാഥൻ തുണക്കട്ടെ.
Adjust Story Font
16
