Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്; പലയിടത്തും കള്ളവോട്ട് ആരോപണം

കള്ളവോട്ട് ആരോപണങ്ങൾ പലപ്പോഴും പ്രതിഷേധത്തിനും ഉന്തും തള്ളിലേക്കും നീങ്ങുന്ന സാഹചര്യവുമുണ്ടായി

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-04-09 13:04:09.0

Published:

9 April 2026 5:18 PM IST

kerala assembly election updates
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നതിനിടെ ആക്ഷേപങ്ങൾക്കും പരാതികൾക്കും പഞ്ഞമില്ല. കള്ളവോട്ട് ആരോപണങ്ങൾ പലപ്പോഴും പ്രതിഷേധത്തിനും ഉന്തും തള്ളിലേക്കും നീങ്ങുന്ന സാഹചര്യവുമുണ്ടായി. ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നു എന്നാണ് പരാതി ഉയർന്നത്. ഒറ്റപ്പാലം മീറ്റ്‌ന സീനിയർ ബേസിക് സ്‌കൂളിലെ 168, 169 ബൂത്തുകളിലും പടിഞ്ഞാർക്കര എൽപി സ്‌കൂളിലെ 163 -ാം ബൂത്തിലുമാണ് പരാതി ഉയർന്നത്. അമ്പലപ്പാറ എഎൽപി സ്‌കൂളിലെ 98 -ാം നമ്പർ ബൂത്തിലും ഇതേ പരാതിയുണ്ട്. ഈ ബൂത്തുകളിലെ ഒരോ വോട്ടുകൾ മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം പിന്നീട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകി.

അമ്പലപ്പുഴയിലെ വോട്ടറുടെ വോട്ട് പോസ്റ്റൽ വോട്ടായി ചെയ്തതായി പരാതി. 139 -ാം നമ്പർ ബൂത്തിലെ ഷാജിമോന്റെ വോട്ടാണ് ഇങ്ങനെ ചെയ്തത്. റിട്ടേണിംഗ് ഓഫീസറെ വിളിച്ച് അന്വേഷിച്ചപ്പോൾ വോട്ട് തൃക്കാക്കരയിൽ ചെയ്തിട്ടുണ്ട് എന്നാണ് അറിയിച്ചത് എന്ന് ഷാജിമോൻ പറയുന്നു. സംഭവത്തിൽ ഷാജിമോൻ പരാതി നൽകി. തിരൂർ മണ്ഡലത്തിലെ തെക്കൻ കുറ്റൂരിൽ കള്ളവോട്ട് എന്ന് പരാതി. ആനപ്പടി സ്വദേശി സജീറ മോളുടെ വോട്ട് മറ്റൊരാൾ ചെയ്തതെന്നാണ് പരാതി. സ്ലിപ് വാങ്ങി കൈയിൽ മഷി പുരട്ടിയതിനു ശേഷമാണ് വോട്ട് മറ്റൊരാൾ ചെയ്തുവെന്ന് ഉദ്യോഗസ്ഥർ യുവതിയെ അറിയിച്ചത്. അഞ്ചുമണിക്ക് ശേഷം വോട്ട് ചെയ്യിപ്പിക്കാം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്ന് യുവതി പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ചു കള്ളവോട്ട് ചെയ്തവർക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു.

കൊച്ചി മണ്ഡലത്തിലും കള്ളവോട്ട് നടന്നുവെന്ന് പരാതി. ഇടക്കൊച്ചി കാളിയത്ത് വീട്ടിൽ കുഞ്ഞുമോളുടെ വോട്ട് മറ്റാരോ ചെയ്തു പോവുകയായിരുന്നു. ഇടക്കൊച്ചി അക്വിനാസ് കോളജായിരുന്നു ബൂത്ത്. പിന്നീട് ടെൻഡർ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കടയിൽ വയോധികന്റെ വോട്ട് അങ്കണവാടി ഹെൽപ്പർ അനുമതി ഇല്ലാതെ ചെയ്തതായി പരാതി. കടക്കട സ്വദേശിയായ സത്യനെ സഹായിക്കാനെത്തിയ അങ്കണവാടി ഹെൽപ്പർ വോട്ട് ചെയ്തു എന്നാണ് ആരോപണം. കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ വന്ന തന്റെ വോട്ട് അരിവാളിന് ചെയ്‌തെന്ന് വയോധികൻ പറഞ്ഞു. സമ്മതം ചോദിക്കാതെയാണ് അങ്കണവാടി ടീച്ചർ വോട്ട് ചെയ്തതെന്നും വയോധികൻ പറയുന്നുണ്ട്. സെന്റ് ആന്റണീസ് യുപി സ്‌കൂളിലെ 71-ാം നമ്പർ ബൂത്തിലാണ് സംഭവം വോട്ടറുടെ പരാതിക്ക് പിന്നാലെ ബൂത്ത് പരിസരത്ത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന് എൽഡിഎഫ് പരാതി.ബീമാപ്പള്ളി ഗവണ്മെന്റ് യു.പി സ്‌കൂളിലാണ് പരാതി ഉയർന്നത്. ബൂത്ത് നമ്പർ 200 ൽ വോട്ട് ചെയ്യേണ്ട നസീമയുടെ വോട്ടാണ് ചെയ്തതായി അറിയിച്ചത്

TAGS :

Next Story