Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളത്ത് സീറ്റുകൾ വെച്ചുമാറാൻ എൽഡിഎഫ്

പാലക്കാട് മണ്ഡലത്തിൽ പി. സരിന്റെ പേര് നിർദേശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്

MediaOne Logo

Web Desk

  • Published:

    27 Feb 2026 8:20 AM IST

നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളത്ത് സീറ്റുകൾ വെച്ചുമാറാൻ എൽഡിഎഫ്
X

കൊച്ചി: എറണാകുളം ജില്ലയിലെ മൂന്ന് സീറ്റുകള്‍ എല്‍ഡിഎഫിലെ കക്ഷികള്‍ പരസ്പരം വെച്ചുമാറും. പെരുമ്പാവൂർ, അങ്കമാലി, എറണാകുളം സീറ്റുകളിലാണ് വെച്ചുമാറ്റം. എല്‍ഡിഎഫിന്‍റെ അഞ്ച് സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസിന് എറണാകുളം ജില്ലയില്‍ നല്‍കിയ ഏക സീറ്റാണ് പെരുമ്പാവൂര്‍.

പെരുമ്പാവൂരില്‍ ഇത്തവണ സിപിഎം മത്സരിക്കും. പകരം ജനതാദളിന്‍റെ കൈവശമുള്ള അങ്കമാലി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കും. ജനതാദളിന് സിപിഎം മത്സരിക്കുന്ന എറണാകുളം സീറ്റും നല്‍കും. ഇക്കാര്യത്തില്‍ ഘടക കക്ഷികള്‍ക്കിടയില്‍ തത്വത്തില്‍ ധാരണയായി. എറണാകുളം ജില്ലയില്‍ എല്‍ഡിഎഫിന് നിലവില്‍ അഞ്ച് എംഎല്‍എമാരുണ്ട്. അഞ്ചും സിപിഎമ്മില്‍ നിന്നാണ്. അഞ്ച് സിറ്റിംഗ് എംഎല്‍എമാരും ഇത്തവണ സ്ഥാനാര്‍ഥിയാകും. ആന്‍റണി ജോണ്‍ കോതമംഗലത്ത് രണ്ട് ടേം കഴിഞ്ഞെങ്കിലും മൂന്നാം ഈഴം ലഭിക്കും. വൈപ്പിന്‍ എംഎല്‍എ ഉണ്ണികൃഷ്ണനെതിരെ പാര്‍ട്ടിയില്‍ ചില പരാതികള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹത്തിനും സീറ്റ് ലഭിക്കും.

അതിനിടെ, പാലക്കാട് മണ്ഡലത്തിൽ പി. സരിന്റെ പേര് നിർദേശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. യുഡിഎഫ്, ബിജെപി സ്ഥാനാർഥികളെ കൂടി പരിശോധിച്ചശേഷം പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനം മതിയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. രണ്ട് ടേം പൂർത്തിയാക്കിയ നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിൽ പുതിയ പേരുകൾ നിർദേശിച്ചു. തൃത്താലയിൽ മന്ത്രി എം.ബി രാജേഷ് തന്നെ തുടരും. അഞ്ച് മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാർ മത്സരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി.

അതേസമയം, സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പിബി വിലയിരുത്തും. കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിക്ക് പുറമെ പിബിയിൽനിന്ന് എ.വിജയരാഘവൻ മത്സരിക്കണോ എന്നതിലും തീരുമാനം ഉണ്ടാകും. അനുമതി നൽകിയാൽ വിജയരാഘവൻ ഇരിങ്ങാലക്കുടിയിൽ മത്സരിക്കാനാണ് സാധ്യത.

പിബി അംഗമായ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരിച്ചേക്കില്ല. സംഘടനാ ചുമതലകളാണ് കാരണം. എങ്കിലും അന്തിമ തീരുമാനം പിബിയുടേതാണ്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ മത്സരിക്കണോ എന്നതിലും പിബി നിർദേശം നൽകിയേക്കും. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് പുറമെ, ബംഗാൾ, തമിഴ്നാട് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷം വൈകുന്നേരം ജനറൽ സെക്രട്ടറി എംഎ ബേബി മാധ്യമങ്ങളെ കാണും.


TAGS :

Next Story