അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ വനംവകുപ്പ് വാച്ചറെ പിരിച്ചുവിട്ടു
മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ അബ്ദുൾ റസാഖിനെയാണ് പിരിച്ചുവിട്ടത്
പാലക്കാട്: അട്ടപ്പാടി മധു വധ കേസിൽ കൂറുമാറിയ വനംവകുപ്പ് വാച്ചറെ പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ അബ്ദുൾ റസാഖിനെയാണ് പിരിച്ചുവിട്ടത്. മധു കേസിൽ പതിനാറാം സാക്ഷിയാണ് അബ്ദുൾ റസാഖ്. കേസിൽ കൂറുമാറിയ വനം വകുപ്പ് വാച്ചർ അനിൽ കുമാറിനെയും പിരിച്ച് വിട്ടിരുന്നു.
മധു വധക്കേസില്‍ ഒരു സാക്ഷി കൂടി ഇന്നലെ കൂറുമാറിയിരുന്നു. 15ആം സാക്ഷി മെഹറുന്നീസയാണ് കൂറുമാറിയത്. പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയെ അറിയിച്ചു.രണ്ട് ദിവസം മുമ്പ് പതിനാലാം സാക്ഷി ആനന്ദൻ കുറുമാറിയിരുന്നു.നിലവിൽ അഞ്ച് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി.രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.
Adjust Story Font
16