Quantcast

സംസ്ഥാനത്ത് ലൈംഗിക അരാജകത്വം വളർത്താൻ ശ്രമം; ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

മതനിരാസവും സ്വതന്ത്ര ചിന്താഗതികളും വളർത്തി ലിബറൽ ജീവിതസംസ്‌കാരം വളർത്തിയെടുക്കാനാണ് ചില വിദ്യാർത്ഥി യുവജന സംഘടനകൾ ശ്രമിക്കുന്നതെന്നും വിസ്ഡം ക്യാമ്പ് ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    16 Jan 2022 11:50 AM GMT

സംസ്ഥാനത്ത് ലൈംഗിക അരാജകത്വം വളർത്താൻ ശ്രമം; ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
X

കോഴിക്കോട്: സമൂഹത്തിൽ നിലനിൽക്കുന്ന കുടുംബഭദ്രതയും ധാർമികജീവിതവും ഇല്ലായ്മ ചെയ്തു ലൈംഗിക അരാജകത്വം വളർത്താനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന ഓറിയന്റേഷൻ ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്യാമ്പസുകൾ കേന്ദ്രീകരിച്ചു ചില വിദ്യാർത്ഥി യുവജന സംഘടനകളുടെ നേതൃത്വത്തിലണ് ഇത്തരം ആശയ പ്രചാരണം വ്യാപകമായി നടത്തിവരുന്നത്.

മതനിരാസവും സ്വതന്ത്ര ചിന്താഗതികളും വളർത്തി ലിബറൽ ജീവിതസംസ്‌കാരം വളർത്തിയെടുക്കാനാണ് ചില വിദ്യാർത്ഥി യുവജന സംഘടനകൾ ശ്രമിക്കുന്നത്. ഇത്തരം ആശയപ്രചാരണം നടത്തുന്ന പ്രസ്ഥാനങ്ങളെ വെള്ളപൂശാനുള്ള പ്രസ്താവനകളിറക്കുന്ന ചില മുസ്‌ലിം സംഘടനാ നേതാക്കളുടെ നിലപാടിനെ ക്യാമ്പ് ശക്തമായി അപലപിച്ചു. പ്രകൃതിവിരുദ്ധമായ സ്ത്രീപുരുഷസമത്വം നടപ്പാക്കാൻ ശ്രമിച്ചതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യം തിരിച്ചറിയപ്പെടാതെ പോകുന്നത് ഉത്തമസമൂഹസൃഷ്ടിയെ പ്രതികൂലമായി ബാധിക്കും. മുസ്‌ലിം സംഘടനകൾക്കിടയിൽ നിലനിൽക്കുന്ന ഏകോപന സംവിധാനങ്ങൾ തകർക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള ജാഗ്രത മുസ്‌ലിം നേതൃത്വം കാണിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം വ്യാപകമാകുന്ന സാഹചര്യത്തിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഉപജീവനമാർഗങ്ങൾക്കും മാനസികമായി ആശ്വാസം ലഭിക്കുന്ന ആരാധനാസൗകര്യങ്ങൾക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി അനുമതി നൽകണമെന്നും സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു. ക്യാമ്പ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഫൈസൽ മൗലവി പുതുപ്പറമ്പ്, സംസ്ഥാന സെക്രട്ടറി ഹുസൈൻ കാവനൂർ, അബ്ദുൽ മാലിക് സലഫി, കെ. സജ്ജാദ് തുടങ്ങിയവർ നേതൃത്വം നൽകി. അബൂബക്കർ ഉപ്പള കാസർകോട്, കാതിം പയ്യന്നൂർ, ഇബ്രാഹിം വയനാട്, അബ്ദുറഹ്‌മാൻ മദനി, റഷീദ് മാസ്റ്റർ കാരപ്പുറം, അഷ്റഫ് സുല്ലമി, റശീദ് കൊടക്കാട്, ബഷീർ ആലപ്പുഴ, നസീർ വള്ളക്കടവ്, ബഷീർ കുണ്ടായിത്തോട് സംസാരിച്ചു.

TAGS :

Next Story