അപകടത്തിനും തോൽപ്പിക്കാനായില്ല; ആവണിക്കും ഷാരോണിനും ആശുപത്രി അത്യാഹിത വിഭാഗത്തിൽ മാംഗല്യം
ഇന്ന് ഉച്ചക്കായിരുന്നു ആവണിയുടെയും ഷാരോണിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് ആവണിയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്

കൊച്ചി: അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തിന്റെ നൊമ്പരങ്ങൾക്ക് ആവണിയുടെയും ഷാരോണിന്റെയും സ്‌നേഹത്തെ തോൽപ്പിക്കാനായില്ല. വിവാഹ ദിനത്തിൽ അപകടത്തിൽപെട്ട ആവണിക്ക് വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിർമണ്ഡപമായി. അനുഗ്രഹങ്ങളും പ്രാർഥനകളും ചൊരിഞ്ഞ് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടുത്ത ബന്ധുക്കളും സാക്ഷികളായി. വിവാഹവുമായി മുന്നോട്ട് പോകണമെന്ന ആഗ്രഹം കുടുംബം അറിയിച്ചതനുസരിച്ച് അതിനുളള സൗകര്യം ആശുപത്രി അധികൃതർ ഒരുക്കുകയായിരുന്നു.
ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടിൽ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേർത്തല ബിഷപ്പ് മൂർ സ്‌കൂൾ അധ്യാപികയുമായ ആവണിയുടെയും തുമ്പോളി വളപ്പിൽ വീട്ടിൽ മനുമോൻ- രശ്മി ദമ്പതികളുടെ മകനും ചേർത്തല കെവിഎം കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം ഷാരോണും തമ്മിലുള്ള വിവാഹം ഇന്ന് ഉച്ചക്ക് തുമ്പോളിയിലായിരുന്നു നിശ്ചയിച്ചിരുന്നത്. പുലർച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി വധുവും കുടുംബാംഗങ്ങളായ അനന്ദു, ജയനമ എന്നിവരും കുമരകത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കയറുകയായിരുന്നു.
നാട്ടുകാർ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ആവണിയെ വിദഗ്ധ ചികിത്സക്കായി 12 മണിയോടെ എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരൻ ഷാരോണും കുടുംബവും എത്തി. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിച്ചു. 12.15നും 12.30നും ഇടയിലായിരുന്നു മുഹൂർത്തം. ഡോക്ടർമാരുമായി കൂടിയാലോചിച്ച് ആശുപത്രി അധികൃതർ അത്യാഹിത വിഭാഗത്തിൽ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. ആവണിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ശസ്ത്രക്രിയ ഉടൻ നടക്കുമെന്നും ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരൻ പറഞ്ഞു.
Adjust Story Font
16

