അയ്യപ്പസംഗമം; വെള്ളാപ്പള്ളി എത്തിയത് മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക വാഹനത്തിൽ
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗോള അയ്യപ്പസംഗമത്തിന് ആശംസയറിയിച്ചു

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിയിച്ചു ഉദ്ഘടനം ചെയ്തു. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എത്തിയത് ഒരേ വാഹനത്തിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിലാണ് ഇരുവരും വേദിയിലേക്ക് എത്തിയത്.
ശബരിമല വികസന മാസ്റ്റർ പ്ലാൻ, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീർഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ സംഗമത്തിന്റെ ഭാഗമായി നടന്നു.. മാസ്റ്റർപ്ലാൻ ചർച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചർച്ച പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസുമാണ് നിയന്ത്രിക്കുക. സർക്കാർ സംഗമത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും സംഗമത്തിൽ നിന്ന് വിട്ടുനിന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗോള അയ്യപ്പസംഗമത്തിന് ആശംസയറിയിച്ചു. അയ്യപ്പസംഗമം വിജയിക്കട്ടെ എന്നായിരുന്നു ദേവസ്വം മന്ത്രി വി.എൻ വാസവനയച്ച കത്തിൽ യോഗിയുടെ ആശംസ. കത്ത് ഉദ്ഘാടന വേദിയിൽ മന്ത്രി വായിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 16-ാം തീയതിയാണ് യോഗി ആദിത്യനാഥ് മന്ത്രി വാസവന് കത്തയച്ചത്. തന്നെ അയ്യപ്പസംഗമത്തിന് ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും സംഗമം വിജയിക്കട്ടെ എന്നും യോഗി കത്തിൽ കുറിച്ചിട്ടുണ്ട്. സംഗമത്തിൻ്റെ ലക്ഷ്യമെന്താണോ അതിൽ വിജയം കാണാൻ കഴിയട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്.
Adjust Story Font
16

