പത്തനംതിട്ടയിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപം കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു
കടയുടെ സമീപത്തുനിന്ന് കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിലാണ് തണുത്ത് വിറങ്ങലിച്ച നിലയിൽ കുഞ്ഞിനെ കണ്ടത്.

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപം കൈക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കുറ്റൂർ മനക്കിച്ചിറ റോഡിൽ തട്ടുകട നടത്തുന്ന ജയരാജും ഭാര്യയും കട തുറക്കാൻ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കടയുടെ സമീപത്തുനിന്ന് കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിലാണ് തണുത്ത് വിറങ്ങലിച്ച നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. പുലർച്ചെ ഒന്നരയോടെ ഒരു ബൈക്ക് തട്ടുകടയ്ക്കടുത്ത് വരികയും അൽപസമയത്തിനകം തിരിച്ചുപോവുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.
ഇന്നലെ, പൂനെ- എറണാകുളം എക്‌സ്പ്രസില്‍ രണ്ടുവയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നിലവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുഞ്ഞ്.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലേക്കും വിവരമറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ തിരിച്ചറിയാന്‍ സഹായകരമാകുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ സൂചിപ്പിക്കുന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു. ഇ.കെ അനില്‍കുമാര്‍, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, റെയില്‍വേ പൊലീസ് സ്റ്റേഷന്‍, എറണാകുളം: ൦൪൮൪൨൩൭൬൩൫൯.
Adjust Story Font
16

