പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി

അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി

MediaOne Logo

Web Desk

  • Updated:

    2022-11-30 06:13:57.0

Published:

30 Nov 2022 5:50 AM GMT

പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി
X

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്‍റെയും അമ്മാവന്‍ നിർമൽകുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രതികൾ കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തിൽ ആയതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷനും വാദിച്ചിരുന്നത്.എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയില്ലെന്നുമാണ് പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞത്.

കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർ‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണെന്ന് ജാമ്യ ഹരജിയിൽ പറയുന്നു. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഇരുവരുടെയും ജാമ്യ ഹരജി തള്ളിയിരുന്നു. വിഷക്കുപ്പി ഒളിപ്പിച്ചു എന്നത് കെട്ടിച്ചമച്ച ആരോപണമാണ്. അന്വേഷണം പൂർത്തിയായിട്ടും കൂടുതൽ തെളിവുകൾ കണ്ടെത്തിയിട്ടില്ല. ഇനിയും കസ്റ്റഡിയിൽ തുടരുന്നത് ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.

ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത്ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്നാണ് ഷാരോൺ രാജിന്‍റെ കുടുംബത്തിന്‍റെ ആരോപണം.

ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തിയാണ് ​ഗ്രീഷ്മ ഷാരോണിന് നൽകിയത്. തുടർ‍ന്ന് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ദ്രവിച്ച് 25നാണ് മരിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്, ഷാരോണിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊന്നതാണെന്ന് ​ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

TAGS :

Next Story