Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി.ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കള്ളപ്പണ ഇടപാടിൽ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്റെ ഇന്നലത്തെ ചോദ്യംചെയ്യൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിർത്തിവച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-30 02:29:32.0

Published:

30 Sep 2023 1:02 AM GMT

Court says there is prima facie evidence against PR Aravindakshan and Jiles in the Karuvannur scam
X

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കലൂരിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. അന്വേഷണവുമായി പൂർണമായും സഹകരിച്ചിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയമായി വേട്ടയാടുകയാണെന്നുമാണ് ജാമ്യാപേക്ഷയിലെ വാദം.

കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ ആളുകളെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന് പുതിയ നോട്ടിസ് നൽകുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടായേക്കും.

അതിനിടെ, കള്ളപ്പണ ഇടപാടിൽ എം.കെ കണ്ണന്റെ ചോദ്യംചെയ്യൽ ഇന്നലെ നടന്നിരുന്നു. അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചോദ്യംചെയ്യൽ അവസാനിപ്പിക്കുകയായിരുന്നുവെന്ന് ഇ.ഡി അറിയിച്ചു. ചോദ്യംചെയ്യൽ സൗഹാർദപരമായിരുന്നുവെന്ന് എം.കെ കണ്ണൻ പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കണ്ണൻ ഇ.ഡിക്കുമുന്നിൽ ഹാജരായത്.

ചോദ്യംചെയ്യൽ നാല് മണിക്കൂർ പിന്നിട്ടപ്പോൾ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നും ഇതിനാൽ ഇന്നലത്തെ ചോദ്യംചെയ്യൽ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നുവെന്നും ഇ.ഡി അറിയിച്ചു. എന്നാൽ, പുറത്തിറങ്ങിയ ശേഷം ഇക്കാര്യം കണ്ണൻ നിഷേധിച്ചു. തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നല്ല ചോദ്യംചെയ്യൽ അവസാനിപ്പിച്ചത്. തനിക്ക് യാതൊരു വിധ ശാരീരിക പ്രശ്നങ്ങളുമില്ല. താൻ ആരോഗ്യവാനാണെന്നും ഇനിയും ചോദ്യംചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ തൃശൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് എം.കെ കണ്ണൻ. ഈ ബാങ്കുവഴി വലിയ രീതിയിലുള്ള ബിനാമി ഇടപാടുകൾ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ നടത്തിയിട്ടുണ്ടെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. മറ്റു സർവീസ് സഹകരണ ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങിയ വായ്പകൾ തൃശൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാറ്റാൻ നിർദേശം നൽകിയത് കണ്ണനാണെന്നും കണ്ടെത്തലുണ്ടായിരുന്നു.

Summary: Bail plea of ​​CPM leader PR Aravindakshan arrested in Karuvannur bank scam case to be considered today

TAGS :

Next Story