Quantcast

വിഴിഞ്ഞം വികസനത്തിന് ചൈനീസ് മോഡൽ സ്വീകരിക്കാമെന്ന് ബാലഗോപാൽ

''പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ കൊണ്ടുവരും''

MediaOne Logo

Web Desk

  • Updated:

    2024-02-05 07:44:13.0

Published:

5 Feb 2024 7:11 AM GMT

വിഴിഞ്ഞം വികസനത്തിന് ചൈനീസ് മോഡൽ സ്വീകരിക്കാമെന്ന് ബാലഗോപാൽ
X

തിരുവനന്തപുരം: വിഴിഞ്ഞം വികസനത്തിന് ചൈനീസ് മോഡൽ സ്വീകരിക്കാമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 1970ൽ ചൈനയിൽ സ്വീകരിച്ച ഡെവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്. പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ കൊണ്ടുവരും. വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഹബ്ബാക്കി മാറ്റുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

''വിഴിഞ്ഞം മെയ് മാസത്തിൽ തുറന്ന് പ്രവർത്തനം ആരംഭിക്കും.വിഴിഞ്ഞം ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടത്തെ മാറ്റി വരയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈകാതെ തന്നെ കേരളത്തിന്റേയും ഇന്ത്യയുടേയും പ്രതീക്ഷകൾ യാഥാർത്ഥ്യമാകും. ലോകത്തിലെ ഏറ്റവും വലിയ മാതൃയാനങ്ങൾ, മദർഷിപ്പുകൾ നമ്മുടെ തുറമുഖത്ത് അടുക്കും. ട്രാൻസിഷിപ്പ്മെന്റ് പ്രവർത്തനങ്ങൾ ആരംഭിക്കും. റെക്കോഡ് വേഗത്തിൽ സ്ഥാപിത ശേഷിയിലേക്ക് വിഴിഞ്ഞത്തിന്റെ പ്രവർത്തനങ്ങൾ എത്തിച്ചേരും. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം പൂർണമായി പ്രവർത്തനക്ഷമമാകുന്നതോട് കൂടി വികസനത്തിന്റെ അനന്ത സാധ്യതകൾ തന്നെയായിരിക്കും സംസ്ഥാനത്ത് തുറക്കപ്പെടുന്നത്''- മന്ത്രി പറഞ്ഞു.

വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വ്യവസായ മേഖല ചലനാത്മകമാവുകയാണ്. ലോകത്തിലെ എണ്ണപ്പെട്ട തുറമുഖങ്ങളോട് കിടപിടിക്കുന്ന നിലയിൽ വിഴിഞ്ഞത്തെ മാറ്റിയെടുക്കാൻ വലിയ നിക്ഷേപം അവിടെ നടത്തേണ്ടതുണ്ട്. സർക്കാറും സർക്കാർ- സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യ മേഖല മാത്രമായും വികസനം സാധ്യമാകേണ്ടതുണ്ട്. ഇതിനുവേണ്ട നിയമനിർമാണങ്ങൾ നടത്തുകയും ടൗൺഷിപ്പുകൾ റസിഡൻഷ്യൽ ഏരിയകൾ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങി വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രാദേശിക ജനവിഭാഗങ്ങൾക്ക് കൂടി അർഹതപ്പെട്ടതാണ്. വിഴിഞ്ഞം മേഖലയിൽ അതിദരിദ്രരെന്ന് കണ്ടെത്തിയ കുടുംബങ്ങളെ പ്രത്യേക പരിഗണ നൽകി ദാരിദ്ര്യമുക്തരാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story