Quantcast

നിയമ കോളജുകളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് രണ്ട് അധിക സീറ്റ്; കോടതിയിൽ തീരുമാനം അറിയിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ഉന്നത വിദ്യാഭ്യാസ വകുപ്പ് ലോ കോളജുകളിൽ രണ്ട് അധിക സീറ്റ് അനുവദിക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    6 Nov 2025 9:37 PM IST

നിയമ കോളജുകളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് രണ്ട് അധിക സീറ്റ്; കോടതിയിൽ തീരുമാനം അറിയിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ
X

കൊച്ചി: കേരളത്തിലെ നിയമ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി രണ്ട് അധിക സീറ്റുകൾക്ക് ഇടക്കാല അനുമതി നൽകിയതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ. നിലവിലുള്ള സീറ്റിന് പുറമേയാണ് (supernumerary seats) ഇത്. 2025-26 അധ്യയന വർഷത്തേക്ക് കേരളത്തിലെ എല്ലാ നിയമ കോളജുകളിലെയും മൂന്ന് വർഷത്തെ എൽഎൽബി കോഴ്‌സിനും അഞ്ച് വർഷത്തെ സംയോജിത എൽഎൽബി പ്രോഗ്രാമിനും ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ഈ അധിക സീറ്റുകൾ സൃഷ്ടിക്കാനാണ് തീരുമാനം.

എൻട്രൻസ് പരീക്ഷയിൽ ഇസായ് ക്ലാര എന്ന വിദ്യാർഥി മികച്ച റാങ്കോടെ യോഗ്യത നേടിയിരുന്നു. എന്നാൽ പ്രോസ്പ്രക്റ്റസിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് കാറ്റഗറി ഇല്ലാത്തത് കാരണം കോഴിക്കോട് ലോ കോളജിൽ പ്രവേശനം നേടാനായില്ല. ഇതോടെയാണ്, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സംവരണം ആവശ്യപ്പെട്ട് ഇസായ് ക്ലാര (Esai Clara) ഹൈക്കോടതിയെ സമീപിച്ചത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ലിംഗമായി തന്നെ അംഗീകരിക്കണമെന്ന സുപ്രിംകോടതി വിധി ഉൾപ്പെടെ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ലോ കോളജുകളിൽ രണ്ട് അധിക സീറ്റ് അനുവദിക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാർ കൗൺസിൽ തീരുമാനം അനന്തമായി നീണ്ടുപോയി. സംസ്ഥാനം അയച്ച കത്തിന് മറുപടി നൽകിയില്ല. പിന്നാലെ, പത്ത് ദിവസത്തിനകം വിഷയത്തിൽ തീരുമാനം എടുക്കാൻ ഒക്ടോബർ 24ന് ഹൈക്കോടതി പുറപ്പെടുവിച്ച കർശന ഉത്തരവ് അനുസരിച്ചാണ് ബിസിഐ ഇടക്കാല അനുമതി നൽകിയത്. കോടതിയുടെ നിർദേശം പാലിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അനുമതി നൽകിയെന്നത് സന്തോഷകരമായ കാര്യമാണെന്ന് ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു.

ഇതോടെ, സൂപ്പർന്യൂമററി സീറ്റുകൾ നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ അംഗീകാരം നേടേണ്ടതുണ്ട്. അതിനാൽ, സംസ്ഥാനത്തെ മറ്റ് യൂണിവേഴ്‌സിറ്റികളെ കൂടി കക്ഷിചേർക്കാൻ കോടതി നിർദേശിച്ചു. വിഷയത്തിൽ, പൊതുവായ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കേസ് നാളെ വീണ്ടും പരിഗണിക്കാൻ കോടതി മാറ്റി. പൊതുവായ ഉത്തരവ് വരുന്നതോടെ, മറ്റുള്ളവർക്കും കൂടി സഹായകരമാകുമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.

TAGS :

Next Story