Quantcast

'പ്രിയപ്പെട്ട തങ്ങൾ'; വിവാദങ്ങളിൽ പ്രതികരണവുമായി കെ.എം ഷാജി

ഷാജി അച്ചടക്കമുള്ളയാളാണെന്നും അദ്ദേഹത്തെ ശാസിച്ചിട്ടില്ലെന്നുമായിരുന്നു സാദിഖലി തങ്ങളുടെ വാക്കുകൾ

MediaOne Logo

Web Desk

  • Updated:

    2022-09-19 15:04:39.0

Published:

19 Sept 2022 8:32 PM IST

പ്രിയപ്പെട്ട തങ്ങൾ; വിവാദങ്ങളിൽ പ്രതികരണവുമായി കെ.എം ഷാജി
X

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ തന്നെ കുറിച്ച് പറഞ്ഞ വാക്കുകൾ ഫേസ്ബുക്കിൽ പങ്കുവെച്ച് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. 'പ്രിയപ്പെട്ട തങ്ങൾ' എന്ന തലക്കെട്ടോടെയാണ് വിശദീകരണ വീഡിയോ പങ്ക് വെച്ചത്. ഷാജി അച്ചടക്കമുള്ളയാളാണെന്നും അദ്ദേഹത്തെ ശാസിച്ചിട്ടില്ലെന്നുമായിരുന്നു തങ്ങളുടെ വാക്കുകൾ.

ഷാജിയുടെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കി. അതിനാലാണ് വരാൻ പറഞ്ഞതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാർട്ടി വേദികളിൽ എന്തും തുറന്നു പറയാം. പുറത്ത് പറയുമ്പോൾ സൂക്ഷ്മത പാലിക്കണം. കെ. എം ഷാജിയുമായുള്ള ചർച്ച തൃപ്തികരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ ചർച്ചക്ക് ശേഷം പാണക്കാട് നിന്നും മടങ്ങിയ കെ.എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഷാജിക്ക് പുറമെ പിഎംഎ സലാമും ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും പാണക്കാടെത്തിയിരുന്നു.

മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിൽ നേരത്തെ ഷാജിക്ക് വിമർശനമുണ്ടായിരുന്നു. മസ്‌ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചത്. അതേസമയം വിവാദങ്ങൾക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തിയിരുന്നു. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്. ഞങ്ങളെല്ലാം മുസ്‌ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ.എം ഷാജി വേദിയിലിരിക്കവേ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഷാജിയുടെ ചില പ്രസംഗങ്ങളും പ്രസ്താവനകളും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നു ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനമുയർന്നിരുന്നു. ഇടതുപക്ഷവുമായി ഒരു രീതിയിലും സഹകരണം വേണ്ടെന്നു പാർട്ടിയുടെ ഉറച്ച നിലപാടാണ്. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്നു വരുത്താൻ ഷാജി മനപ്പൂർവം ശ്രമിക്കുന്നു. ഇത്തരം നിലപാടുകൾ തിരുത്താൻ നേതൃത്വം ഇടപെടണമെന്നായിരുന്നു ചില അംഗങ്ങൾ ആവശ്യപ്പെട്ടത്.

TAGS :

Next Story