Quantcast

പിണറായിയെ വിടാതെ പിന്തുടർന്നു; വി.എസിനൊപ്പം നിലയുറപ്പിച്ചു-ബെർലിൻയുഗം അവസാനിക്കുമ്പോൾ

പിണറായിയാണ് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നുമാണ് കഴിഞ്ഞ വർഷം ബെർലിൻ തുറന്നുപറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2022-08-08 14:52:14.0

Published:

8 Aug 2022 2:33 PM GMT

പിണറായിയെ വിടാതെ പിന്തുടർന്നു; വി.എസിനൊപ്പം നിലയുറപ്പിച്ചു-ബെർലിൻയുഗം അവസാനിക്കുമ്പോൾ
X

കണ്ണൂർ: 1943 മേയിൽ അന്നത്തെ ബോംബേയൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായിരുന്നു ബെർലിൻ കുഞ്ഞനന്തൻ നായർ. അന്ന് 17 വയസായിരുന്നു അദ്ദേഹത്തിനു പ്രായം. കമ്മ്യൂണിസ്റ്റ് ആചാര്യൻ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഏതാനും വർഷങ്ങൾക്കു മുൻപ് വിദ്യാർത്ഥികൾക്കായി രൂപംനൽകിയ ബാലസംഘത്തെക്കുറിച്ച് അന്ന് പാർട്ടി കോൺഗ്രസിൽ ആ ചെറിയ പ്രായത്തില്‍ ബെർലിൻ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

വിദ്യാർത്ഥി ജീവിതകാലത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയരംഗത്ത് ചുവടുവച്ച ബെർലിന് 1942ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിക്കുന്നത്. അധികം വൈകാതെ മുതിർന്ന നേതാക്കളായ എ.കെ.ജി, പി. കൃഷ്ണപിള്ള എന്നിവരുടെ വിശ്വസ്തനായി മാറി. അങ്ങനെയാണ് പാർട്ടി നിരോധനകാലത്ത് നേതാക്കളുടെ ഒളിവുജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിനടത്താനുള്ള ചുമതല ബെർലിനു ലഭിക്കുന്നത്. നേതാക്കന്മാരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കുന്നതിനൊപ്പം സന്ദേശങ്ങൾ ഓരോ താവളങ്ങളിലേക്കും എത്തിച്ചുകൊടുത്തിരുന്നതുമെല്ലാം അദ്ദേഹമായിരുന്നു.

ഇടക്കാലത്ത് തട്ടകം ജർമനിയിലേക്കു മാറ്റിയതോടെയാണ് താൽക്കാലികമായി നാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുന്നത്. ജർമനിയിലെ ബെർലിനിൽ ഏറെക്കാലം മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു. അങ്ങനെയാണ് പേരിനൊപ്പം ബെര്‍ലിന്‍ ചേരുന്നത്. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി പാർട്ടി പ്രാദേശിക ഘടകങ്ങളിൽ വീണ്ടും സജീവമായി.

വിഭാഗീയതയിൽ വി.എസിനൊപ്പം; പിണറായിയുടെ കണ്ണിൽകരടായി

സി.പി.എമ്മിന്റെ കേരള ഘടകത്തില്‍ അക്കാലത്ത് രൂപപ്പെട്ടുവന്നിരുന്ന വലതുപക്ഷ വ്യതിയാനത്തിനെതിരെ സംസാരിച്ചാണ് ബെർലിൻ പാർട്ടിയിലൊരു വിമതശബ്ദമായി മാറുന്നത്. വിഭാഗീയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദനുമായായിരുന്നു ബെർലിന് കൂട്ട്. ഇത് പിണറായി വിജയന് അനഭിമതനാകാൻ കാരണമായി.

വിഭാഗീയത മൂർച്ഛിച്ചതോടെ ബെർലിൻ വി.എസിനൊപ്പം നിലയുറപ്പിച്ചു. പിണറായിക്കെതിരെ രൂക്ഷവമർശനങ്ങളുമായി പരസ്യമായി തന്നെ രംഗത്തെത്തി. പാർട്ടിയെ മുതലാളിത്ത, വലതുപക്ഷ താല്‍പര്യക്കാര്‍ പിടിമുറുക്കുന്നുവെന്നായിരുന്നു പ്രധാന വിമർശനം. പിണറായിക്കെതിരെ വേറെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു അദ്ദേഹം.

ഒടുവില്‍ വിമതശല്യം സഹിക്കാനാകാതെ 2005ൽ സി.പി.എം ബെർലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി. നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. ബെർലിന്റെ ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് മറികടന്നായിരുന്നു അച്ചടക്കനടപടി.

പാർട്ടിയിൽനിന്ന് പുറത്തായതിനുശേഷവും ബെർലിൻ പിണറായിയെ വിട്ടില്ല. 'പൊളിച്ചെഴുത്ത്' എന്ന ആത്മകഥയിലും 'ഒളിക്യാമറകൾ പറയാത്തത്' എന്ന അനുഭവക്കുറിപ്പുകളിലും പിണറായിക്കെതിരെ കടുത്ത വിമർശനശരങ്ങളാണ് അദ്ദേഹം തൊടുത്തുവിട്ടത്.

പിന്നീട് വാർധക്യസഹജമായ അസുഖങ്ങളുമായി വീട്ടിലേക്ക് ഒതുങ്ങിയതോടെ സജീവരാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങി. ഇടക്കാലത്ത് വി.എസ് വീട്ടിലെത്തി സന്ദർശിക്കുന്നതൊഴിച്ചാൽ മുതിര്‍ന്ന പാർട്ടി നേതൃത്വം അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല. എന്നാൽ, 2015ൽ പാർട്ടി ബെർലിന് പാർട്ടി അംഗത്വം തിരിച്ചുനൽകി.

'ഇ.എം.എസിലും മിടുക്കൻ; പിണറായി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി'

കഴിഞ്ഞ വർഷം ജനുവരിയിലാണ് പിണറായി വിജയനെതിരായ വിമർശനങ്ങൾക്കെല്ലാം മാപ്പുപറഞ്ഞ് ബെർലിൻ രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചത്. മാപ്പുപറഞ്ഞെന്നു മാത്രമല്ല, ഇ.എം.എസിലും മികച്ച മുഖ്യമന്ത്രിയാണെന്ന് വിശേഷിപ്പിച്ച് പിണറായിയെ വാനോളം പുകഴ്ത്തുകയും ചെയ്തു.

പിണറായിയാണ് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നായിരുന്നു ബെർലിൻ അന്ന് പറഞ്ഞത്. നേരിൽകണ്ട് ക്ഷമ പറയണമെന്ന് ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി. തെറ്റുപറ്റിയത് ബോധ്യമുണ്ടെന്നും പിണറായിയെ കാണുന്നത് അന്ത്യാഭിലാഷമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്നാണ് പിണറായി വിജയനെക്കുറിച്ച് ബെർലിൻ അന്നു പറഞ്ഞത്. ഇത്ര നല്ല മുഖ്യമന്ത്രി ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ജനക്ഷേമപ്രവർത്തനത്തിലൂടെ ഇ.എം.എസിനെക്കാളും മിടുക്കനായിത്തീർന്നു അദ്ദേഹമെന്നും ബെർലിൻ അഭിപ്രായപ്പെട്ടു.

ആത്മകഥയിലെ പിണറായിക്കെതിരായ വിമർശനങ്ങൾ പിൻവലിച്ചിട്ടുണ്ട്. പാർട്ടിയിൽനിന്നു തന്നെ യാത്രയാവണമെന്നാണ് ആഗ്രഹം. പാർട്ടി മെമ്പർഷിപ്പ് പുതുക്കിത്തന്നതിൽ നന്ദി രേഖപ്പെടുത്തണം. തെറ്റുപറ്റിയ കാര്യം നേരിൽ കണ്ട് അറിയിക്കണമെന്നെല്ലാമുള്ള ആഗ്രഹങ്ങൾ ബെർലിൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ബെർലിന്റെ നാടായ നാറാത്തുവഴി പലതവണ കടന്നുപോയിട്ടും ഒരിക്കല്‍പോലും അദ്ദേഹത്തെ കാണാൻ മുഖ്യമന്ത്രി കൂട്ടാക്കിയിരുന്നില്ല.

ഏറ്റവുമൊടുവിൽ മാസങ്ങൾക്കുമുൻപ് കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പ്രമേഹം അടക്കമുള്ള കടുത്ത രോഗങ്ങളെത്തുടര്‍ന്ന് ആ മോഹവും പൂവണിഞ്ഞില്ല. എന്നാല്‍, പാര്‍ട്ടിയില്‍ തന്നെ മരിക്കണമെന്ന അഭിലാഷം യാഥാര്‍ത്ഥ്യമാക്കിയാണ് ബെര്‍ലിന്‍റെ മടക്കം.

Summary: Once a staunch critic of Pinarayi Vijayan, later corrected; Berlin Kunjananthan Nair's political life

TAGS :

Next Story