ബൈക്ക് മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു

കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സംഭവം.

MediaOne Logo

Web Desk

  • Updated:

    2022-10-31 13:54:38.0

Published:

31 Oct 2022 12:48 PM GMT

ബൈക്ക് മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു
X

കോഴിക്കോട്: ബൈക്ക് മോഷണക്കേസിൽ പിടിയിലായ പ്രതി പൊലിസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസാണ് രക്ഷപ്പെട്ടത്.

കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സംഭവം. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോവുമ്പോള്‍ മെഡിക്കല്‍ കോളജിന് പരിസരത്തു വച്ചാണ് ഇയാൾ രക്ഷപെട്ടത്.

ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഇയാളുടെ വിലങ്ങ് പൊലീസ് അഴിച്ചിരുന്നു. രണ്ട് കൈകളിലേയും വിലങ്ങ് അഴിച്ചുമാറ്റുകയും ഒരു പൊലീസുകാരൻ സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് പ്രതി കിട്ടിയ അവസരം മുതലാക്കി ഓടിരക്ഷപെട്ടത്.

പ്രതിക്കായി മെഡിക്കല്‍ കോളജ് എ.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പലയിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസിന്റെ അലംഭാവമാണ് പ്രതി രക്ഷപെടാന്‍ കാരണമെന്നാണ് ആരോപണം.

സംഭവത്തിൽ എ.സി.പിയോട് ഡി.സി.പി വിശദീകരണം തേടി. സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കോഴിക്കോട് എ.സി.പി സുദര്‍ശന്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ കയറ്റിയപ്പോള്‍ രണ്ട് കൈയിലേയും കൈയാമം അഴിച്ചതായും സാധാരണ ഒരു കൈയിലേത് മാത്രമാണ് അഴിക്കുകയെന്നും എ.സി.പി പറഞ്ഞു.

മാത്രമല്ല, ഒരു പൊലീസുകാരന്‍ മാത്രമാണ് പ്രതിയുടെ കൂടെയുണ്ടായിരുന്നത്. മറ്റെയാള്‍ സ്റ്റേഷനിലേക്ക് ഭക്ഷണം കഴിക്കാനായി വന്നിരുന്നു. ഇത് മുതലാക്കിയാണ് പ്രതി രക്ഷപെട്ടതെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം വിശദമാക്കി.

TAGS :

Next Story