Quantcast

എന്ത് ഗവൺമെന്റാണിത്? എൽഡിഎഫ് ഇങ്ങനെ ആയിക്കൂടാ; പിഎം ശ്രീ വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

'ഒപ്പിട്ടതിന് പിന്നാലെ ആദ്യം പിന്തുണച്ചത് ബിജെപിയും ആർഎസ്എസും, പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് വ്യക്തം'

MediaOne Logo

Web Desk

  • Updated:

    2025-10-24 16:17:12.0

Published:

24 Oct 2025 6:44 PM IST

എന്ത് ഗവൺമെന്റാണിത്? എൽഡിഎഫ് ഇങ്ങനെ ആയിക്കൂടാ; പിഎം ശ്രീ വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം
X

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാരിന്റെ നീക്കത്തിൽ രൂക്ഷ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിൽ നിന്ന് തങ്ങളിത് പ്രതീക്ഷിച്ചിരുന്നില്ല. പദ്ധതിയിൽ ഒപ്പുവച്ചതിന് പിന്നാലെ ആദ്യം പിന്തുണച്ചത് ബിജെപിയും എബിവിപിയും ആർഎസ്എസുമാണെന്നും ഒപ്പിട്ടതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് അതിൽ നിന്ന് വ്യക്തമാണെന്നുമാണ് ബിനോയ് വിശ്വം ആരോപിച്ചു.

ഇത്രയേറെ ഗൗരവമേറിയ വിഷയത്തിൽ ഒപ്പിടുമ്പോൾ ഘടകക്ഷികളെ അറിയിക്കാത്തതിന്റെ യുക്തി മനസിലാകുന്നില്ല. അതുകൊണ്ടാണ് സിപിഐ ആവശ്യമായ ചർച്ചകളും സമ്മതങ്ങളും ആവശ്യപ്പെട്ടത്. എന്തിനാണ് അനാവശ്യമായ തിരക്ക് കാണിച്ചതെന്ന് എല്ലാവർക്കും അറിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു

' എന്ത് ഗവൺമെന്റാണിത്, എൽഡിഎഫ് ഇങ്ങനെ ആയിക്കൂട. എന്ത് കൂട്ടുത്തരവാദിത്തമാണുള്ളത്? പിഎം ശ്രീയുമായി ബന്ധപ്പെട്ട് പത്ര വാർത്തകളിലൂടെ അല്ലാതെ അതിന്റെ വിശദാംശങ്ങൾ അറിയിച്ചിട്ടില്ല. കേരളത്തിന് ലഭിച്ച വാഗ്ദാനങ്ങൾ എന്തെല്ലാമാണ് എന്നത് സിപിഐയും മറ്റു ഘടകക്ഷികളും ഇരുട്ടിലാണ്.

ഉടമ്പടി എന്താണ്, അതിന്റെ ഉള്ളടക്കം എന്താണ്, അതേപ്പറ്റി ഇതുവരെ ചർച്ച ഒന്നും ഉണ്ടായിട്ടില്ല. ഭരണത്തിന് മാത്രമുള്ള ഉപാധിയായി അല്ല സിപിഐ എൽഡിഎഫിനെ കാണുന്നത്. അഞ്ചോ പത്തോ പതിനഞ്ചോ വർഷം ഭരിക്കാൻ ഉള്ള ഉപാധിയായി അല്ല കമ്യൂണിസ്റ്റ് പാർട്ടി എൽഡിഎഫിനെ കാണുന്നത്' എന്ന് ബിനോയ് വിശ്വം പറഞ്ഞു.

രാജ്യത്തിനുള്ള ബദൽ കാഴ്ചപ്പാടാണ് എൽഡിഎഫ്. പിഎം ശ്രീ ദൂരവ്യാപക പ്രത്യാഘാതം ഉള്ള കാര്യമാണ്. ഘടകകക്ഷികളെ അറിയിക്കാത്തതിൻ്റെ യുക്തി എന്താണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രിസഭയിലും ധാരണാ പത്രത്തെപ്പറ്റി ചർച്ചയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവർഷം ഡിസംബറിലും ഈ വർഷം ഏപ്രിലിലും മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നെങ്കിലും നയപരമായ കാര്യങ്ങൾക്ക് വേണ്ടി മാറ്റിവച്ച് വിഷയമാണിത്. ശരിയായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവച്ചത്. പിന്നീട് ഒരിക്കലും മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നിട്ടില്ല. എൽഡിഎഫിലും ചർച്ചയുണ്ടായില്ല.

ആരോടും ചർച്ച ചെയ്യാതെയാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. എൽഡിഎഫിന് എങ്ങനെ മുന്നോട്ടുപോകാൻ കഴിയുമെന്ന് സിപിഐക്ക് അറിയില്ല. എൽഡിഎഫിന്റെ ശൈലി ഇതല്ല. എംഒയു ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് ഈ സംഭവം അറിഞ്ഞയുടൻ മാധ്യമങ്ങളോട് താൻ പ്രതികരിച്ചിരുന്നു. അത് ശരിയായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story