Quantcast

'ജർമനിയിൽ ചികിത്സയ്ക്ക് പോകുന്നത് നല്ലതാണ്'; ആലുവയിലെത്തി ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിയുടെ പിറന്നാൾ ആശംസ

'പൂർണ്ണ ആരോഗ്യവാനായി മടങ്ങിയെത്തിയ ശേഷം വീണ്ടും കാണാം'

MediaOne Logo

Web Desk

  • Updated:

    2022-10-31 16:55:47.0

Published:

31 Oct 2022 1:40 PM GMT

ജർമനിയിൽ ചികിത്സയ്ക്ക് പോകുന്നത് നല്ലതാണ്; ആലുവയിലെത്തി ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിയുടെ പിറന്നാൾ ആശംസ
X

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പിറന്നാളാംശസയറിയിക്കാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആറരയോടു കൂടി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ആലുവ ഗസ്റ്റ്ഹൗസിൽ നേരിട്ടെത്തിയാണ് ആശംസയറിയിച്ചത്.

ജർമനിയിലേത് മികച്ച ചികിത്സയാണെന്നും വൈകാതെ പോകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവന്നശേഷം വീണ്ടും കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. നേരിട്ടെത്തി ആശംസയറിയിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള നിരവധിപേർ രാവിലെ മുതൽ തന്നെ ഉമ്മൻചാണ്ടിയെ കാണാൻ ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. നടൻ മമ്മൂട്ടി, നിർമാതാക്കളായ ആൻറോ ജോസഫ് ജോർജ് എന്നിവർ രാവിലെ ഗസ്റ്റ് ഹൗസിലെത്തി ആശംസയറിയിച്ചു. പിറന്നാൾ ആശംസകൾ അറിയിക്കാൻ വേണ്ടി മാത്രമാണ് താൻ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിൻറെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

1943 ഒക്ടോബർ 31നായിരുന്നു ഉമ്മൻചാണ്ടിയുടെ ജനനം. ബാലജനസഖ്യത്തിലൂടെയും കെ.എസ്.യുവിലൂടെയും കടന്നുവന്ന നേതാവ്, പിന്നീട് കോൺഗ്രസിൻറെ അമരത്ത് പകരക്കാരനില്ലാത്ത നേതാവായി. 1970ൽ പുതുപ്പള്ളിയിൽ നിന്നും കന്നിയങ്കം ജയിച്ച ഉമ്മൻ ചാണ്ടി പിന്നീട് തോൽവി അറിഞ്ഞിട്ടില്ല. പാർട്ടിക്കുള്ളിലെ പടയുടെ മുൻപന്തിയിലുണ്ടായിരുന്നുവെങ്കിലും എതിർ ചേരിയിലുള്ളവർക്ക് ഒരിക്കലും പിടിച്ചുകെട്ടാനായില്ല. മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയപ്പോഴും ജനങ്ങൾ നെഞ്ചേറ്റിയ നേതാവായി. 2016 ൽ പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മാറി നിന്നപ്പോഴും അദ്ദേഹം ജനങ്ങൾക്കിടയിൽ സജീവമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടെങ്കിലും ചികിത്സയ്ക്ക് ശേഷം ഉടൻ ജനങ്ങൾക്കിടയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story