Quantcast

തലശ്ശേരിയില്‍ യുവാവിന്‍റെ കൈപ്പത്തി തകര്‍ന്നത് പടക്കംപൊട്ടിയെന്ന് ബി.ജെ.പി

ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ബി.ജെ.പി

MediaOne Logo

Web Desk

  • Published:

    13 April 2023 2:05 AM GMT

bjp claims thalassery youth got injured from fire cracker
X

തലശ്ശേരി: തലശ്ശേരി എരഞ്ഞോളിയിൽ സ്ഫോടനത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന് പരിക്കേറ്റത് പടക്കം പൊട്ടിയാണെന്നും മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.

ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. സംഭവത്തിൽ ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും വിഷയത്തിൽ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും എൻ ഹരിദാസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം അർധരാത്രിയോടെ തലശ്ശേരി എരഞ്ഞോളിപ്പാലത്തിനടുത്ത ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. എരഞ്ഞോളിപ്പാലം ശ്രുതി നിവാസിൽ വിഷ്ണുവിന്‍റെ വലതു കൈപ്പത്തി പൂർണമായും ഇടതു കൈ ഭാഗികമായും തകർന്നു. നാടൻ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സ്ഫോടനത്തിൽ പരിക്കേറ്റ വിഷ്ണു ആര്‍.എസ്.എസ് പ്രവർത്തകനാണെന്നും ബോംബ് നിർമാണം ബി.ജെ.പി - ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും സി.പി.എം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു അപകടനില തരണം ചെയ്തിട്ടില്ല. ആദ്യം കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story